Tuesday, December 2, 2014

ഗവേഷണറിപ്പോർട്ട്, അന്വേഷണറിപ്പോർട്ട്, പത്രറിപ്പോർട്ട്

കേരള സർവ്വകലാശാല പ്രൊ വൈസ് ചാൻസലർ ഡോ. വീരമണികണ്ഠന്റെ ഗവേഷണപ്രബന്ധത്തിൽ മോഷണം ഉണ്ടെന്ന്‌ ഒരാൾ പരാതി ഉയർത്തി. പരാതി അന്വേഷിച്ച സർവകലാശാല ഒരു വിദഗ്ധനെ നിയോഗിച്ചു. വിദഗ്ധറിപ്പോർട് പത്രങ്ങളിൽ വാർത്തയായി. മോഷണമാണ്‌ നടന്നതെന്ന് ചില പത്രങ്ങൾ തറപ്പിച്ചു പറയുന്നു. ലഭ്യമായ വിവരങ്ങൾ വച്ച് ഒരു വിശകലനം നടത്തണമെന്നുണ്ട്. അതുചെയ്യണമെങ്കിൽ ആമുഖമായി ഗവേഷണത്തെയും ഗവേഷണറിപ്പോർടിനെയും കുറിച്ച് ചില വിവരങ്ങൾ നല്കേണ്ടതുണ്ടെന്നു തോന്നുന്നു.  

ഗവേഷണവും ഗവേഷണറിപ്പോർട്ടും
ഒരു ഗവേഷകന്റെ അഞ്ചോ പത്തോ ചിലപ്പോൾ അതിലധികമോ വർഷത്തെയോ ഒരു ജീവിതകാലം മുഴുവന്റെയോ പ്രയത്നവും ആത്മാംശവും അയാളുടെ ഗവേഷണത്തിലുണ്ടാവും. ഗവേഷണപ്രബന്ധം ആ പ്രയത്നത്തിന്റെ ഒരു സാങ്കേതിക റിപ്പോർട് മാത്രം ആണ്‌. ഗവേഷണഫലത്തെ ശാസ്ത്രലോകത്തേക്കു വിനിമയംചെയ്യാനുള്ള ഒരു ഉപാധിയാണത്. പഠനസ്ഥാപനങ്ങളിലാണെങ്കിൽ, ഒരു  കോഴ്സ് നിർദ്ദിഷ്ട രീതിയിൽ പൂർത്തിയാക്കി എന്നതിന്റെ തെളിവും കൂടിയാണ്‌ ഈ റിപ്പോർട്. അത്രമാത്രമാണ്‌ എന്നും ഓർക്കുക.
ഗവേഷണപ്രബന്ധത്തിന്റെ രൂപരേഖ അത് ഏതു വിജ്ഞാനശാഖയിലാണെന്നതിനെ ആശ്രയിച്ചിരിക്കും.  ഡോ. വീരമണികണ്ഠന്റെ ഗവേഷണം മനശ്ശാസ്ത്രത്തിലാണ്‌. മന:ശാസ്ത്രത്തിൽ ഗവേഷണറിപ്പോർട്ട് എഴുതുന്നതിന്‌ അവലംബിക്കുന്നത് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷന്റെ (എ പി എ) മാർഗരേഖകളാണ്‌. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ എ പി എ മാതൃക അതേപടി പിന്തുടരുന്നതിനു പ്രായോഗികബുദ്ധിമുട്ടുകളുള്ളതിനാൽ ഈ മാതൃക പൊതുവിൽ പിന്തുടരുകയാണ്‌ ചെയ്യാറ്‌. ഈ രീതിയനുസരിച്ച്, ഗവേഷണപ്രബന്ധത്തിന്‌ ഇൻട്രൊഡക്ഷൻ, റിവ്യു ഓഫ് ലിറ്ററേചർ, മെതഡോളജി, റിസൾട്ട് ആൻഡ് ഡിസ്ക്കഷൻ, സമ്മറി എന്നീ അധ്യായങ്ങൾ ആണ്‌ ഉണ്ടാവുക. (ഭാഷാവിഷയങ്ങളിലും, മാനവികവിഷയങ്ങളിലും പിന്തുടരുന്നത് വേറെ രീതിയും മാർഗരേഖകളും ആണ്‌.) ഇവയിൽ ഓരോ ഭാഗത്തും മറ്റുള്ള പഠനങ്ങളിൽനിന്നുള്ള ഭാഗങ്ങൾ വരാമോ എന്നു നോക്കുന്നതിനുമുൻപ് ഈ അധ്യായങ്ങളുടെ സ്വഭാവം എന്തെന്നു പറയേണ്ടിവരും.
എന്താണ്‌ ഇൻട്രൊഡൿഷനും റിവ്യു ഓഫ് ലിറ്ററേച്ചറും?
ഇൻട്രൊഡൿഷനെന്നാൽ ഗവേഷണത്തിന്റെ പശ്ചാത്തലപഠനമാണ്‌. ഗവേഷണം നടത്താനുദ്ദേശിക്കുന്ന മേഖലയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തിൽ ഗവേഷണത്തിന്റെ പ്രസക്തി സ്ഥാപിച്ചെടുക്കുകയാണ്‌ അതിന്റെ ഉദ്ദേശ്യം. അതിനുവേണ്ടി ബന്ധപ്പെട്ട സിദ്ധാന്തങ്ങളെക്കുറിച്ച് പരാമർശിക്കുക തന്നെയാണ്‌ വേണ്ടത്. ഉദാഹരണത്തിന്‌, പരിണാമസംബന്ധിയായ ഗവേഷണറിപ്പോർടിന്റെ ഇൻട്രൊഡക്ഷനിൽ ഡാർവിന്റെയോ അദ്ദേഹത്തിനും മുൻപുതന്നെയോ ഉള്ള കൃതികൾ പരാമർശിക്കപ്പെടുക തന്നെ വേണം. ഒരു സിദ്ധാന്തവുമായി ബന്ധമില്ലാത്ത ഗവേഷണം സ്വതന്ത്രഭാവനയാണ്‌; ശാസ്ത്രഗവേഷണമല്ല. അതിന്‌ ലോകത്തൊരു സർവകലാശാലയും അനുമതി കൊടുക്കില്ല.
ഇനി, റിവ്യൂ എന്താണെന്നു നോക്കുക. പേരു സൂചിപ്പിക്കുന്നതു പോലെ ഈ മേഖലയിൽ നടന്നിട്ടുള്ള മുൻപഠനങ്ങളുടെ അവലോകനമാണത്. സമാനപഠനങ്ങളുടെ സ്വഭാവം എന്ത്, അവയുടെ ഫലം എന്ത്, അവയിൽനിന്നുരുത്തിരിഞ്ഞുവരുന്ന വിവിധ പ്രവണതകൾ എന്തെല്ലാം- ഇതെല്ലാം പറയുകയാണ്‌ ഈ അധ്യായത്തിൽ ചെയ്യേണ്ടത്. ഇതിന്റെ പ്രധാന ഉദ്ദേശ്യം ഇവയാണ്‌- താൻ ചെയ്യാൻ പോകുന്ന ഗവേഷണം മുൻപഠനങ്ങളിൽ ഇതിനോടകം വന്നുകഴിഞ്ഞതല്ല, അതിനാൽ തന്റെ ഗവേഷണത്തിനു സാംഗത്യം ഉണ്ട് എന്നു സ്ഥാപിക്കുക; മുൻപഠനങ്ങളിൽ ഇനിയും വേണ്ടത്ര പഠിക്കപ്പെടാത്ത / തെളിയിക്കപ്പെടാത്ത കാര്യങ്ങൾ ഉണ്ടോ എന്നു പറയുക; ഇക്കാരണങ്ങളാൽ തന്റെ പഠനം പ്രസക്തമാണ്‌ എന്നു സ്ഥാപിക്കുക.
അതായത്,ഗവേഷണത്തിന്റെ പശ്ചാത്തലവും സാംഗത്യവും പറയാനായി എഴുതുന്ന അധ്യായങ്ങളാണ്‌ ഇൻട്രൊഡക്ഷനും റിവ്യുവും. അവ  മറ്റു പഠനങ്ങളെ ആശ്രയിച്ചാണ്‌ എഴുതേണ്ടത്. അങ്ങനെ എഴുതിയില്ലെങ്കിൽ അവ അവയുടെ ഉദ്ദേശ്യം നിറവേറ്റില്ല. അവ ഗവേഷകൻ ഭാവനയിൽ നിന്ന് എഴുതേണ്ടതല്ല. ശാസ്ത്രഗവേഷണറിപ്പോർടിൽ ഭാവനക്ക് ഒരു പങ്കുമില്ല.
മെതഡോളജി
മെതഡോളജി ഗവേഷണത്തിന്റെ നടപടിക്രമമാണ്‌. ഗവേഷണത്തിന്റെ ഡിസൈൻ, വേരിയബിൾസ്, ഡേറ്റ, പ്രൊസീജർ, ഡേറ്റയുടെ വിശകലനം എന്നിവയാണ്‌ ഈ അധ്യായത്തിൽ ഉണ്ടാവുക. ഇവ മുൻപഠനങ്ങളെ ആശ്രയിച്ചെഴുതാമോ എന്നതാണ്‌ അടുത്ത ചോദ്യം. ചില ഭാഗങ്ങളിൽ തീർച്ചയായും ആവാം എന്നാണ്‌ ഉത്തരം. ഉദാഹരണത്തിന്‌ ചില ഗവേഷണമേഖലകളിൽ അംഗീകൃതമായ ഡിസൈനുകളും പ്രൊസീജറുകളും എണ്ണത്തിൽ ചുരുക്കമേ ഉണ്ടാവൂ. അത്തരം ഗവേഷണങ്ങളിൽ മുൻ മാതൃകകളെ ആശ്രയിക്കുക തന്നെ വേണം. അതുപോലെ ഗവേഷണത്തിലുപയോഗിച്ച വേരിയബിൾസ് നിർവചിക്കുന്ന ഭാഗത്ത് അവ ആധികാരികഗ്രന്ഥങ്ങളിൽനിന്ന്‌  എടുത്തേ മതിയാവൂ. ഉദാഹരണത്തിന്‌ രക്തസമ്മർദ്ദത്തിന്‌ ലോകവ്യാപകമായി ഉപയോഗിക്കുന്ന നിർവചനം ഒരു ഗവേഷകൻ എടുത്തെഴുതിയേ മതിയാവൂ. അയാൾക്ക് സ്വന്തം ഇഷ്ടത്തിന്‌ അത് മാറ്റിയെഴുതാൻ പറ്റില്ല. മുൻരചനകളുമായി സാമ്യം വരുന്ന മറ്റൊരു ഭാഗം ഗവേഷണഫലത്തിന്റെ  വിശകലനമാണ്‌. അവിടെ മുൻപഠനങ്ങളുടെ ഫലങ്ങളുമായുള്ള താരതമ്യം ചേർക്കാറുണ്ട്. അവയുടെ ഫലങ്ങൾ  ഉദ്ധരിക്കേണ്ടതായും വരും.
അങ്ങനെ വരുമ്പോൾ ഗവേഷണറിപ്പോർടിന്റെ സിംഹഭാഗത്തും മറ്റു സിദ്ധാന്തങ്ങളും ഗവേഷണഫലങ്ങളും ഉദ്ധരിക്കേണ്ടതായുണ്ട് എന്നുതന്നെ കാണാം.
അപ്പോൾ പിന്നെ എവിടെയാണ്‌ ഗവേഷണറിപ്പോർടിന്റെ മൗലികഭാഗം?
ഗവേഷണറിപ്പോർടിന്റെ മൗലികഭാഗം
ഗവേഷകൻ ശേഖരിച്ച ഡേറ്റയും അതു വിശകലനം ചെയ്ത ഫലവും ഈ ഫലത്തിന്റെ അപഗ്രഥനവും അതിൽനിന്ന് അയാൾ എത്തിച്ചേരുന്ന നിഗമനവുമാണ്‌ ഗവേഷണറിപ്പോർടിന്റെ  മൗലികഭാഗം. ഇതാണ്‌ പ്രബന്ധത്തിന്റെ ‘ഹൃദയഭാഗം’. ഗവേഷണഫലം എന്നു പറയാവുന്നത് ഈ ഭാഗത്തെയാണ്‌. ഈ ഫലത്തിലേക്ക് എത്തിച്ചേരാനുള്ള വഴി മാത്രമാണ്‌ ഇൻട്രൊഡക്ഷനും റിവ്യുവും മെത്തഡോളജിയുടെ ആദ്യഭാഗവും. ഗവേഷകന്റെ ഗവേഷണഫലത്തിനുവേണ്ട പശ്ചാത്തലവും സാംഗത്യവും സൃഷ്ടിക്കുകയാണ്‌ ഈ ഭാഗങ്ങളുടെ ഉദ്ദേശ്യം. ആ ഭാഗത്ത് മറ്റുസിദ്ധാന്തങ്ങളെയും ഗവേഷണങ്ങളെയും ഉദ്ധരിക്കാം, ഉദ്ധരിച്ചേ മതിയാവൂ. അതു ചെയ്യുമ്പോൾ ഗവേഷകർ അത് പ്രബന്ധത്തിനുള്ളിൽ പരാമർശിക്കും. ഇത് പ്രബന്ധത്തിന്‌ ആധികാരികത വരുത്തുന്നതിനാണ്‌. അങ്ങനെ പരാമർശിച്ച എല്ല രചനകളുടെയും വിശദാംശങ്ങൾ പ്രബന്ധത്തിനൊടുവിൽ നല്കുകയും ചെയ്യും.  അതുകൊണ്ടാണ്‌ പല പ്രബന്ധങ്ങളിലും  പേജുകളോളം റെഫറൻസ് (ഗ്രന്ഥസൂചി) ഉണ്ടാവുന്നത്.
പ്ളെയ്ജറിസവും സോഫ്റ്റ് വെയറും
ഇങ്ങനെ പരാമർശിക്കുമ്പോൾ സൂചിതരചനകളുമായി എത്രത്തോളം സാമ്യം വരാം, ഉദ്ധരണികൾ എത്രത്തോളമാകാം എന്നെല്ലാമാണ്‌ അടുത്ത ചോദ്യം. ഇതു സംബന്ധിച്ചുള്ള മാനദണ്ഡങ്ങൾ കർശനമായി നിലവിൽ വന്നുതുടങ്ങിയിട്ട് അധികകാലമായില്ല. ഇപ്പോഴത്തെ പാശ്ചാത്യമാനദണ്ഡങ്ങൾ അനുസരിച്ച് ഒരു വാചകം അതേപടി എടുത്തെഴുതുന്നതോ സമാനമായ അർത്ഥം വരുന്ന രീതിയിലെഴുതുന്നതോ ഒഴിവാക്കപ്പെടേണ്ടതാണ്‌. ഗവേഷണത്തിനും ഗവേഷണപ്രബന്ധങ്ങൾക്കും കർക്കശമായ നിബന്ധനകളുള്ള പാശ്ചാത്യ അക്കാദമിക് ലോകത്ത് ഇതടക്കം എല്ലാത്തരം സാമ്യങ്ങളും കണ്ടെത്താൻ സഹയിക്കുന്ന സോഫ്റ്റ് വെയറുകൾ (ആന്റി പ്ളെയ്ജിയറിസം സോഫ്റ്റ് വെയറുകൾ) നിലവിൽ വന്നിട്ടുണ്ട്. ടേൺ ഇറ്റ് ഇൻ, ഐതെന്റികേറ്റ് തുടങ്ങിയവയാണ്‌ ഇവയിൽ പ്രധാനം. (മൂലഗ്രന്ഥത്തിന്റെ സൂചന നല്കാതെ  സ്വന്തമെന്ന മട്ടിൽ മറ്റുള്ളവരുടെ ആശയങ്ങളോ രചനകളോ എടുത്തുചേർക്കുന്നതാണ്‌ പ്ളെയ്ജറിസം.) ഇതുവരെ പ്രസിദ്ധീകൃതമായ രചനകൾ ഈ സോഫ്റ്റ് വെയറുകളുടെ ഡേറ്റാബേസിലുണ്ടാവും. അവയുമായി എത്രത്തോളം സാമ്യമുണ്ട് എന്നതിന്‌ ചില ഏകകങ്ങൾ നമുക്കു ലഭിക്കും (ഉദാ: സിമിലാരിറ്റി ഇൻഡെക്സ്). മുൻരചനകളിലെ പദസമുച്ചയങ്ങൾ ആവർത്തിച്ചിട്ടുണ്ടെങ്കിൽ സോഫ്റ്റ് വെയറുകൾ അതു കാണിക്കും. ഭാഷാശേഷിയുള്ളവർ ഈ പദങ്ങളുടെ ഓർഡർ തിരുത്തി ഈ പ്രശ്നം പരിഹരിച്ച് (സോഫ്റ്റ് വെയറിനെ പറ്റിച്ച്) സിമിലാരിറ്റി ഇൻഡെക്സ് കുറച്ചെടുക്കും. അല്ലെങ്കിൽ,കമ്പ്യൂട്ടറുപയോഗിച്ച് ഒറിജിനൽ വാക്കുകൾക്കു പകരം പര്യായങ്ങൾ എഴുതിവെയ്ക്കും. ഇത്തരത്തിൽ സാമർത്ഥ്യമുള്ളവർക്ക് ഗവേഷണഫലമടക്കം പദങ്ങൾ മാറ്റി ‘ഒറിജിനൽ’ ആക്കി അവതരിപ്പിക്കാൻ പറ്റും. അതുകൊണ്ടുതന്നെ, പ്ളെയ്ജറിസം സോഫ്റ്റ് വെയറുകൾ അടുത്തകാലത്തായി വിമർശനങ്ങൾ നേരിട്ടുതുടങ്ങിയിട്ടുമുണ്ട്. മോഷണം തടയാനല്ല, പിടിക്കപ്പെടാതെ മോഷ്ടിക്കുന്നതെങ്ങനെ എന്നു പഠിപ്പിക്കാനാണ്‌  ഈ സോഫ്റ്റ് വെയറുകൾ ഉപകരിക്കുന്നതെന്നാണ്‌ ആരോപണം. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ആന്റിപ്ളെയ്ജറിസം  സോഫ്റ്റ് വെയറുകൾ കരുതലോടെ മാത്രമേ പാശ്ചാത്യ അക്കാദമിക് ലോകം പോലും ഉപയോഗിക്കാറുള്ളൂ. വിദ്യാർത്ഥികളുടെ അസൈന്മെന്റുകൾ ചെക്ക് ചെയ്യുകയാണ്‌ ഈ സോഫ്റ്റ് വെയറുകളുടെ പ്രധാന പണി. ‘എതിക്കൽ പാരഫ്രേസിങ്ങ്’ നടത്താൻ അവരെ പരിശീലിപ്പിക്കുകയാണ്‌ സോഫ്റ്റ് വെയറുകളുടെ പ്രാഥമികമായ ഉപയോഗം.
‘മോഷണം’ കണ്ടുപിടിക്കാൻ സോഫ്റ്റ് വെയർ സ്കോർ മാത്രം പോരാ.  അതിന്റെ വിശകലനവും വേണം. സ്കോറുകൾക്ക് ആപേക്ഷികമായ അർത്ഥം മാത്രമേയുള്ളൂ. ഏത് അധ്യായത്തിൽ വന്നു എന്നതാണ്‌ ഏറ്റവും പ്രധാന മാനദണ്ഡം. റിവ്യു ഒഫ് ലിറ്ററേച്ചറിൽ വന്ന  പദസാമ്യം പോലെയാകില്ല, ഗവേഷണഫലം പറയുന്ന അധ്യായത്തിൽ വന്ന സാമ്യം. അതുപോലെതന്നെ, പദസാമ്യത്തിനപ്പുറത്ത് ആശയസാമ്യം കണ്ടെത്താൻ സോഫ്റ്റ് വെയർ മതിയാവുകയുമില്ല. ഇന്ത്യയിലെ ചുരുക്കം ചില ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളേ ഈ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുതുടങ്ങിയിട്ടുള്ളൂ. അവിടെ പലയിടത്തും പ്രബന്ധം സമർപ്പിക്കുമ്പോൾ സോഫ്റ്റ് വെയറിലെ ചെക്കിനു വിധേയമാക്കണം. മൊത്തം (അധ്യായം തിരിച്ചല്ല) പ്രബന്ധത്തിന്റെ സിമിലാരിറ്റി ഇൻഡെക്സ് 30% ശതമാനത്തേക്കാൾ കൂടുതൽ ആണെങ്കിൽ തിരുത്തലുകൾ വരുത്തണമെന്നാണ്‌ ഒരു പ്രമുഖ കേന്ദ്രസർവ്വകലാശാലയിലെ നിബന്ധന (-സോഫ്റ്റ് വെയറിനെ പറ്റിക്കുന്നതുതന്നെ). ഏതായാലും ഇന്ത്യയിലെ പല പ്രമുഖ സ്ഥാപനങ്ങളിലും- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നാഷണൽ ഇംപോർട്ടൻസ് പദവി ഉള്ളവയിലടക്കം- ഈ സോഫ്റ്റ്വെയറുകളുടെ ഉപയോഗം പ്രാബല്യത്തിലായിട്ടില്ല. ഡോ.വീരമണികണ്ഠൻ ഗവേഷണം നടത്തിയ കാലിക്കറ്റ് സർവകലാശാലടയടക്കം കേരളത്തിലെ ഒരു സർവകലാശാലയും ഈ ദിശയിൽ ചിന്തിച്ചുതുടങ്ങിയിട്ടുള്ളതായി അറിവില്ല.
 ഡോ. വീരമണികണ്ഠൻ ഗവേഷണമോഷണം നടത്തിയെന്ന ആരോപണത്തെ ഈ വിവരങ്ങളുടെ പശ്ചാത്തലത്തിൽ ഒന്നു പരിശോധിച്ചുനോക്കുക.
ഡോ. ഛദ്ദയുടെ റിപ്പോർട്ട്
ഡോ. വീരമണികണ്ഠന്റെ പ്രബന്ധം പരിശോധിച്ച ഡോ. ഛദ്ദയുടെ റിപ്പോർട്ട് ആയി പത്രങ്ങളിൽ ഒരു പേപ്പർ പ്രചരിച്ചിരുന്നു. പ്രബന്ധത്തിന്റെ വിവിധ അധ്യായങ്ങളിൽ പ്ലെയ്ജി പ്ളെയ്ജറിസം കണ്ടെത്തിയിട്ടുണ്ടെന്നു പറഞ്ഞിട്ട്‌, ഏതെല്ലാം അധ്യായങ്ങളിൽ എന്ന്‌ എടുത്തെഴുതിയിരിക്കുന്നു  ഡോ. ഛദ്ദ. ആമുഖാധ്യായത്തിലെ സാമ്യം (സിമിലാരിറ്റി ഇൻഡെക്സ്‌) 60% ആണ്‌. ബന്ധപ്പെട്ട പഠനങ്ങളുടെ വിശകലനത്തിലെ സാമ്യം 63% ആണ്‌. രീതിശാസ്ത്രത്തിലെ സാമ്യം 53% ആണ്‌. ഇത് വേരിയബ്ൾസിന്റെ വിവരണത്തിലാണോ ഡിസൈനിലാണോ നടപടിക്രമത്തിലാണോ എന്നു വ്യക്തമല്ല. ഓരോ ഭാഗത്തെ സാമ്യത്തിനും വെവ്വേറെ സാംഗത്യമാണ്‌.
ഇനിയുള്ള കണ്ടെത്തലും പ്രധാനമാണ്‌. ഗവേഷണഫലവും വിശകലനവും സംബന്ധിച്ച അധ്യായം (എന്നുവച്ചാൽ, പ്രബന്ധത്തിന്റെ ഹൃദയഭാഗം) ഗവേഷകൻ ഒറിജിനൽ ആയി എഴുതിയതു തന്നെ എന്നു ഛദ്ദ. സാമ്യം വെറും 7%.
പ്രബന്ധത്തിന്റെ ചുരുക്കമായ സിനോപ്സിസിന്റെ സാമ്യം 17% ആണ്‌; അത്‌ ഡെൽഹി സർവകലാശാലയിൽ ഒരു വിദ്യാർത്ഥി സമർപ്പിച്ച പേപ്പറിനോടാണ്‌.
വിചിത്രമായ ഒരു കാര്യം പ്രൊഫെസ്സർ ഛദ്ദയുടെ റിപ്പോർട്ടിന്‌ ഒരു കൺക്ലൂഷൻ എഴുതിക്കാണുന്നില്ല. പത്രങ്ങൾ തരുന്ന വിവരം വെച്ച് ഒരു കൺക്ളൂഷൻ നമ്മൾ ഉണ്ടാക്കി നോക്കേണ്ടിവരും. ശരി, നോക്കാം.
ആമുഖത്തിലും റിവ്യൂവിലും ഉള്ള സിദ്ധാന്തങ്ങളും പഠനങ്ങളും ഗവേഷകന്‌ സ്വന്തമായി ആവിഷ്കരിക്കാൻ വയ്യാത്തതിനാൽ സാമ്യമുണ്ടാവുക സ്വാഭാവികം. (ഐതെന്റികേറ്റ് അടക്കമുള്ള സൊഫ്റ്റ് വെയറുകൾ അവരുടെ വിശദീകരണക്കുറിപ്പുകളിൽതന്നെ ഇക്കാര്യം ഓർമ്മിപ്പിക്കാറുണ്ട്.) മൂലഗ്രന്ഥങ്ങളുടെ സൂചനകൾ പ്രബന്ധത്തിനകത്തും വിശദവിവരങ്ങൾ ഗ്രന്ഥസൂചിയിലും കൊടുത്തിട്ടുണ്ട് എന്നാണ്‌ ഡോ. വീരമണികണ്ഠൻ ആവർത്തിക്കുന്നത്. അതായത് രചനകൾക്ക് കടപ്പാട് നല്കുക എന്ന, ഗവേഷണറിപ്പോർട്ടുകളിലെ അംഗീകൃതമായ പൊതുരീതി പിന്തുടർന്നിട്ടുണ്ട് എന്നർത്ഥം.  എന്നിരുന്നാലും ഒരുപരിധിക്കപ്പുറമുള്ള സിമിലാരിറ്റി ഇൻഡെക്സ് ആശാസ്യമല്ല. ഇത് പദസാമ്യംകൊണ്ടോ പരാവർത്തനത്തിലെ സമാനത കൊണ്ടോ അതേപടി പകർത്തിയതുകൊണ്ടോ ആകാം. കർക്കശമായ ഗവേഷണമാനദണ്ഡങ്ങൾ പുലർത്തുന്ന പാശ്ചാത്യരീതിയനുസരിച്ച് ഇത് പ്ളേയ്ജിറിസം തന്നെയായേക്കും. പക്ഷേ, ഇതൊന്നും ഗവേഷണഫലം പ്രതിപാദിക്കുന്ന ഭാഗത്തല്ല എന്നതും അതുപോലെതന്നെ പ്രസക്തമായ മറുവാദമാണ്‌. അങ്ങനെയെങ്കിൽ പിന്നെ നോക്കേണ്ടത് ഗവേഷണറിപ്പോർടിന്റെ പ്രധാനഭാഗം ആണ്‌ - ഗവേഷണഫലവും അതിന്റെ വിശകലനവും നിഗമനങ്ങളും. ഇവ ഒറിജിനൽ ആണെന്നു സോഫ്റ്റ്വെയർ കണ്ടെത്തി. (എന്നുപറഞ്ഞാൽ പദസാമ്യം ഇല്ല എന്ന് അർത്ഥം). സുപ്രധാനമായ ഈ കണ്ടെത്തൽ പക്ഷേ അപ്രധാനമായ മറ്റു യാന്ത്രികകണ്ടെത്തലുകൾക്കിടയിലെ മറ്റൊരു കണ്ടെത്തൽ മാത്രമായി മുങ്ങിപ്പോയി. കാരണം, മുൻപറഞ്ഞ പ്രകാരം സോഫ്റ്റ്‌ വെയർ സാമ്യം കണ്ടുപിടിക്കാനുള്ള ഒരു സാങ്കേതിക, യാന്ത്രിക സംവിധാനം ആണ്‌. ഈ യാന്ത്രികതയുടെ ആഴം മനസ്സിലാവുന്നത്‌ സിനോപ്സിസിലെ സാമ്യത്തെക്കുറിച്ചു പറയുമ്പോഴാണ്‌. ഗവേഷണഫലം ഒറിജിനൽ. പക്ഷേ പ്രബന്ധത്തിന്റെ സംക്ഷിപ്തത്തിൽ സാമ്യം. അതും, ഒരു വിദ്യാർത്ഥി ഡെൽഹി സർവകലാശാലക്കു സമർപ്പിച്ച പേപ്പറിൽ. അതു പ്രസിദ്ധീകൃതമാണെന്നു പറയുന്നില്ല. (ഏതു വർഷം സമർപ്പിച്ചതെന്നും പറയുന്നില്ല.) അപ്പോൾ പിന്നെ എങ്ങനെ ഗവേഷകൻ ആ പേപ്പർ വായിച്ചു? ഒറിജിനൽ ഗവേഷണം നടത്തിയ ഒരു ഗവേഷകൻ അതേ ഗവേഷണത്തിന്റെ ചുരുക്കം മറ്റൊരു സർവകലാശാലയിലെ ഏതോ ഒരു വിദ്യാർത്ഥിയുടെ പേപ്പർ കോപ്പിയടിച്ചെഴുതി എന്ന ധ്വനിയാണ്‌ അന്ധമായ സോഫ്റ്റ്‌ വെയർ അധിഷ്ടിത വിശകലനത്തിന്റെ അസംബന്ധം. ശരി. ഇതെല്ലാം കഴിഞ്ഞിട്ടും സാമ്യം ഉണ്ടെങ്കിൽതന്നെ അതു വെറും 17%. അപ്രധാനം എന്നു തീർത്തു പറയാം. സോഫ്റ്റ്‌ വെയർ നിഗമനങ്ങൾ തരാത്ത യാന്ത്രിക സംവിധാനം ആയതിനാൽ അതുമൊരു കണ്ടുപിടുത്തം ആയി!
ചില പത്രങ്ങൾ ഗവേഷണപ്രബന്ധം വായിക്കുന്ന വിധം
സോഫ്റ്റ്വെയർ ഒരു യാന്ത്രികസംവിധാനമാണെങ്കിൽ പത്രങ്ങൾ വിവേചനബോധമുള്ള  സോദ്ദേശ്യ സംവിധാനമാണല്ലോ. അതുകൊണ്ട് അവയിൽ ചിലത് റിപ്പോർട്ടിനെക്കുറിച്ചെഴുതിയപ്പോൾ ആവേശം കൊണ്ടു. ഗവേഷണഫലത്തെക്കുറിച്ചുള്ള പരാമർശം അപ്രാധാന്യത്തിന്റെ ആഴങ്ങളിലേക്ക് അപ്രത്യക്ഷമായി. മോഷണം, കോപ്പിയടി തുടങ്ങിയ വിശേഷണങ്ങൾ എമ്പാടും വന്നുകയറി. ഗവേഷണറിപ്പോർട്ടിലെ പദസാമ്യം ചില പത്രങ്ങളിൽ ‘ഗവേഷണഫലത്തിന്റെ കോപ്പിയടി’ ആയി മാറി. റിവ്യൂ എന്ന അധ്യായത്തിലെ 63% പദസാമ്യം ‘(മൊത്തം) പ്രബന്ധത്തിലെ 63 ശതമാനവും കോപ്പി’ എന്നായി മാറി. ലെഹ്റർ എന്ന ഗവേഷകന്റെ ഒരു പേപ്പറിൽനിന്നുള്ള ഭാഗങ്ങൾ റിവ്യൂവിൽ ചേർത്തു എന്നത് ‘ലെഹ്ററുടെ ഗവേഷണഫലം തന്റേതെന്ന മട്ടിൽ ചേർത്തു’ എന്നായി. അങ്ങനെ ‘ഗവേഷണഫലം കോപ്പിയടിച്ചു’, ‘ലെഹെററുടെ ഗവേഷണഫലം തന്റേതെന്ന മട്ടിൽ ഉൾപ്പെടുത്തി’, ‘പ്രബന്ധത്തിലെ അറുപതു ശതമാനത്തിലധികം മോഷണം’, ‘പ്രബന്ധത്തിലെ പ്രധാനഭാഗം കോപ്പിയടിച്ചു’ എന്നെല്ലാം അച്ചുനിരന്നു. (ഉദ്ധരിച്ച കണ്ടെത്തലുകളുടെയെല്ലാം കോപ്പിറൈറ്റ് ഒരേ പത്രത്തിന്റേത്: തിയതികൾ നവംബർ 21, 22, 24 എന്നിങ്ങനെ - വെർബറ്റിം കോപ്പി.) പലതവണ അച്ചുനിരത്തി ഒടുവിൽ ‘ഗവേഷണപ്രബന്ധം കോപ്പിയടിയാണെന്ന കണ്ടെത്തൽ...’ എന്ന ഒറ്റയച്ചാണ്‌ കുറച്ചുനാളായി പ്രസ്തുതപത്രം ഉപയോഗിക്കുന്നത്. വന്നുവന്ന് ഒരു സെനറ്റ് മെംബർക്കെതിരെ നടപടിയെടുക്കാൻ ഗവർണർ നിർദ്ദേശിച്ച വാർത്തയുടെ ഡിടിപി ചെയ്യുമ്പോൾ പോലും ഈ പത്രത്തിൽമാത്രം കീബോർഡ് വഴങ്ങുന്നില്ലെന്നു തോന്നുന്നു. പഴയ ഒറ്റയച്ചുതന്നെയാണ്‌ പകരം കേറിവരുന്നത്. (ഡിസംബർ 1).
ഗവേഷണമോഷണമോ?
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ‘ഗവേഷണഫലം’ ‘കോപ്പിയടിച്ച’ അനേകം വാർത്തകൾ ഇന്ത്യക്കകത്തുനിന്നുതന്നെ ഉണ്ടായിട്ടുണ്ട്‌. അതിൽനിന്നെല്ലാം വ്യത്യസ്ഥമാണ്‌ ഈ പ്രബന്ധത്തിന്റെ കാര്യം. ഇതിൽ വേറെ ആരുടെ എങ്കിലും ഗവേഷണഫലം കോപ്പി ചെയ്തതായി തെളിഞ്ഞിട്ടില്ല. ഇതുവരെ മനസ്സിലാക്കാൻ കഴിഞ്ഞതുവച്ച്‌ ആമുഖം പോലുള്ള താരതമ്യേന സാംഗത്യം കുറഞ്ഞ അധ്യായങ്ങളിൽ മറ്റു പ്രസിദ്ധീകരണങ്ങളുമായി സാമ്യം ഉണ്ടെന്നു മാത്രമാണു തെളിഞ്ഞിട്ടുള്ളത്‌.  നിലവിൽ ഇത്തരം സാമ്യം കണ്ടെത്താനുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ പ്രയോഗിച്ചു തുടങ്ങുന്നതേയുള്ളൂ. സമാനമായ പരാവർത്തനം പോലും അക്കാദമിക്‌ മോഷണമായി കരുതുന്ന പാശ്ചാത്യ അക്കാദമികലോകം ഇംഗ്ലീഷ്‌ ഒന്നാംഭാഷയായി ഉപയോഗിക്കുന്നവർക്കുവേണ്ടി ഉണ്ടാക്കിയ ഒരു സോഫ്റ്റ്‌ വെയറിനെ മാത്രം ആശ്രയിച്ച്‌ ഗവേഷണമോഷണത്തെ നിർവചിക്കാൻ ഇറങ്ങുന്നതു ഉചിതമാണോ എന്നു സംശയം. ലേഹ്റെരുടെ കയ്യിൽനിന്നു വാങ്ങിയെടുത്ത ‘പരാതി’ക്ക് ആധാരമായ റിവ്യൂ ഒഫ് ലിറ്റെറേചറിലെ ‘പ്ളേയ്ജറിസം’ പോലും റിപ്പോർട്ടെഴുത്തിലെ കാർക്കശ്യമില്ലായ്മക്കോ അശ്രദ്ധയ്ക്കോ അപ്പുറത്തേക്കു പോയേക്കില്ല. അത് എന്തെങ്കിലും തെളിയിക്കുന്നുണ്ട് എങ്കിൽ ഗവേഷണപ്രബന്ധരചനയിൽ ഇന്ത്യൻ യൂനിവെഴ്സിറ്റികൾ കാണിക്കുന്ന അലംഭാവത്തെ മാത്രമാണ്‌. അല്ലാതെ ഗവേഷണമോഷണത്തെയല്ല. അത് റിപ്പോർട്ടിന്റെ ഗുണം സംബന്ധിച്ച വിഷയം ആണ്‌. റിപ്പോർട്ടിനാധാരമായ ഗവേഷണഫലത്തിന്റെ മൗലികത സംബന്ധിച്ച വിഷയമേയല്ല. ഗവേഷണഫലത്തിന്റെ  (result/ finding) ഗുണത്തെ സംബന്ധിച്ചു പോലും അത് ഒന്നും പറയുന്നില്ല. പ്ളേയ്ജിറിസം ചെക്കിൽ കടന്നുകൂടി എന്നതുകൊണ്ടു മാത്രം ഒരു ശാസ്ത്രപ്രബന്ധം നല്ലതാവണമെന്നില്ല. റിപ്പോർട്ടിലെ പ്രമാദങ്ങൾ കൊണ്ടുമാത്രം നല്ലൊരു ഗവേഷണം അമ്പേ മോശമാവുകയുമില്ല. ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്ത എത്ര പ്രബന്ധങ്ങൾ ഇന്ത്യൻ യൂണിവേഴ്സിറ്റികളിൽ നിന്ന് ഇറങ്ങുന്നുണ്ട് എന്നത് പാടേ വ്യത്യസ്ഥമായ മറ്റൊരു വിഷയം ആ ണെങ്കിലും ആലോചിക്കേണ്ടതുതന്നെയാണ്‌.

ഇതുവരെയുള്ള റിപ്പോർടുകളിൽനിന്നു മനസ്സിലാവുന്നതിതാണ്‌- ഗവേഷണഫലം എഴുതിയിരിക്കുന്ന ഭാഗം മൗലികം ആണ്‌. ഗവേഷണത്തിന്റെ ആശയത്തിലോ, ഡേറ്റയിലോ, നിഗമനങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള മോഷണം ഉള്ളതായി ആരും പറഞ്ഞിട്ടില്ല. പ്ളേയ്ജിറിസം സംബന്ധിച്ച ആരോപണങ്ങൾ റിപ്പോർടിലെ വാക്കുകളുടെ സാമ്യവുമായി ബന്ധപ്പെട്ട കാര്യമാണ്‌. 
ചുരുക്കിപ്പറഞ്ഞാൽ, ഈ സംഭവം ഗവേഷണമോഷണം അല്ല. പ്രബന്ധത്തിലെ വാക്കുകളിലെ സാമ്യം ആണ്‌. ഇതുരണ്ടും ഒന്നല്ല. ഗവേഷണറിപ്പോർടിൽ പാശ്ചാത്യനാടുകളിലേതിനു സമാനമായ കാർക്കശ്യം (റിഗർ) ഇല്ലാത്തതിനെ ആണ്‌ ഗവേഷണമോഷണമായി ചിലർ (ചില പത്രങ്ങളും) ആരോപിച്ചത്. പ്രബന്ധത്തിന്റെ മുഖ്യഭാഗം മോഷ്ടിച്ചു എന്ന്‌ എഴുതുന്ന പത്രങ്ങൾ ഒന്നുകിൽ കാര്യമറിയാതെ ഭാവനക്ക് അനുസരിച്ച് എഴുതിവിടുന്നതാണ്‌ അല്ലെങ്കിൽ മറ്റെന്തോ ലക്ഷ്യംവച്ച്‌ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ മന:പൂർവമെഴുതുന്നതാണ്‌. ഈയിടെ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ കാണുമ്പോൾ ഇതു വെറും ഭാവനമാത്രമാണോ അതോ ആരുടെയൊക്കെയോ താല്പര്യത്തിൽ ശത്രുനിഗ്രഹത്തിനായുള്ള സോദ്ദേശ്യസാഹിത്യം ആണോ എന്ന സംശയമുയരുന്നുണ്ട്.

വാൽക്കഷണം: വീരമണികണ്ഠന്റെ ഗവേഷണബിരുദം സർവകലാശാല തിരിച്ചുവാങ്ങിയേക്കും എന്നാണല്ലോ ചില പത്രങ്ങളുടെ ‘റിപ്പോർട്ട്‌’ (എന്നഭാവത്തിൽ വേഷം മാറിയെത്തുന്ന സമ്മർദ്ദം). അതെങ്ങാനും സഫലീകരിക്കുകയാണെങ്കിൽ നാളെമുതൽ സർവകലാശാലകളിൽ ശത്രുനിഗ്രഹത്തിനുള്ള നവീനായുധം തയ്യാറാകും. സഹാധ്യാപകന്‌/ എതിർ സംഘടനക്കാരന്‌/ സീനിയർ പ്രൊഫെസ്സർക്ക്‌ ഒക്കെ ‘പണികൊടുക്കാൻ’ ഏറ്റവും പറ്റിയ മാർഗം- ഗവേഷണബിരുദം കിട്ടിയശേഷം എഴുതിയ ആൾപോലും തുറന്നുനോക്കാത്ത പ്രബന്ധം തപ്പിയെടുക്കുക; സോഫ്റ്റ്‌ വെയറിലിടുക: അറുപതോ എഴുപതോ ശതമാനം സാമ്യം കിട്ടുമെന്നകാര്യം മൂന്നു തരം. കോപ്പിയടി പിടിച്ചേ എന്നാക്രോശിച്ച്‌, പത്രസമേതം പരാതികൊടുക്കുക. ബാക്കി സിൻഡിക്കേറ്റ്‌ നോക്കിക്കോളും.
സിൻഡിക്കേറ്റ്‌ ഇനി മുതൽ എല്ലാ ദിവസവും കൂടേണ്ടിവരും. അത്രയ്ക്കുണ്ട്‌ നമ്മുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിലവിലുള്ള പരസ്പരസ്നേഹം. ഏതായാലും ഇനി കുറെ പ്രബന്ധങ്ങളെങ്കിലും കൂലങ്കഷമായി വായിക്കപ്പെടും.



Sunday, May 8, 2011

സത്യസായിബാബ - ഒരു ദൈവത്തിന്റെ ജീവിതവും മരണവും: രാഷ്ട്രീയ മനശ്ശാസ്ത്രവിശകലനം


(ഈ ലേഖനം ദില്ലിപോസ്റ്റില്‍ വായിക്കാം.)

സത്യസായിബാബ മരിച്ചു. ധാരാളം പണവും സ്വാധീനവുമുള്ള ഏതൊരു വൃദ്ധന്റെ മരണവുമെന്നപോലെതന്നെ, ദീര്‍ഘമായ ആശുപത്രിവാസവും വന്‍വൈദ്യസംഘവും വെന്റിലേറ്ററും പിന്‍ഗാമികളുടെ ദുരൂഹനീക്കങ്ങളും ദുരാരോപണങ്ങളും എല്ലാം ചേര്‍ന്ന ഒരു സാധാരണ ആശുപത്രിമരണം. അവസാനവാക്കുച്ചരിച്ചതായോ അനുഗ്രഹം പൊഴിച്ചതായോ ഇതുവരെ കേട്ടില്ല. മരണത്തിന്റെ അനുതാപമൊടുങ്ങുമ്പോഴെങ്കിലും അവധാനതയോടെയുള്ള ഒരു വിശകലനം ആവശ്യപ്പെടുന്നുണ്ട് സത്യസായിബാബ എന്ന പ്രതിഭാസം. സത്യനാരായണരാജു എന്ന മനുഷ്യനില്‍നിന്നും കോടിക്കണക്കിനാളുകളുകളുടെ ജീവിതത്തെയും വിശ്വാസവ്യവസ്ഥയെയും നിയന്ത്രിക്കുന്ന സത്യസായിബാബ എന്ന ദൈവം ഉണ്ടായിവന്നതിന്റെ ചരിത്രം ആധുനിക ഇന്ത്യന്‍ സമൂഹത്തിന്റെ മനോനിലയുടെയും രാഷ്ട്രീയാവസ്ഥയുടെയും പരിണാമചരിത്രം തന്നെയാണ്. ഈ പ്രക്രിയയുടെ വിശകലനമാണ് രണ്ടു ഭാഗങ്ങളിലായി ചുവടെ. ബാബയുടെ പ്രഭാവം വ്യക്തിജീവിതങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്നതിന്റെ സാമൂഹ്യമനശ്ശാസ്ത്രവിശകലനം ആണ് ഒന്നാം ഭാഗത്ത്. സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക അവസ്ഥകളെ ബാബ നിര്‍ണയിച്ചതിന്റെ രാഷ്ട്രീയമനശ്ശാസ്ത്രമാണ് രണ്ടാംഭാഗം.


ഭാഗം ഒന്ന്
അദ്ഭുതകഥകളുടെയും മാജികിന്റെയും പിന്‍ബലത്തിലാണ് സത്യസായിബാബ പേരെടുക്കുന്നത്. ലോകമെമ്പാടും ഭക്തരെ കയ്യിലെടുക്കാന്‍ മതങ്ങളും പ്രവാചകരും ഇത്തരം കഥകളും സൂത്രവിദ്യകളും തന്നെയാണ് എക്കാലവും ഉപയോഗിച്ചുപോന്നിട്ടുള്ളത്. കൂട്ടത്തില്‍ പറയട്ടെ, മതപരമായ ആവശ്യങ്ങള്‍ക്ക്  വേണ്ടിയാണ് മാജിക് ഉദ്ഭവിച്ചതു തന്നെ. വിശ്വാസം ഉണ്ടാക്കൂന്നതിനുവേണ്ടി ‘അദ്ഭുതങ്ങള്‍ സൃഷ്ടിക്കുക‘യായിരുന്നു മാജികിന്റെ ആദ്യകാലധര്‍മം എന്ന് അതിന്റെ ചരിത്രം പറയുന്നു. മജിഷ്യന്മാര്‍ ഉപയോഗിക്കുന്ന അതേ കരചലനങ്ങളുപയോഗിച്ചാണ് ബാബ വസ്തുക്കള്‍ പ്രത്യക്ഷമാക്കിയിരുന്നത്. പില്ക്കാലത്തുണ്ടായ വീഡിയോ റെക്കോര്‍ഡറിന്റെ സാങ്കേതികവിദ്യ ഈ മാജിക് രഹസ്യങ്ങള്‍ പുറത്താക്കിയെങ്കിലും ഭക്തരുടെ പിന്‍ബലത്തില്‍ ബാബ മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. (ദൈവികത്വം തെളിയിക്കാന്‍ വേണ്ടി മാജികിനെ ആശ്രയിക്കുന്ന അവസാനത്തെ ദൈവമായിരിക്കും സത്യസായിബാബ. വീഡിയൊ ക്യാമറകള്‍ സുലഭമായതും മാജിക് രഹസ്യങ്ങള്‍ ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയതും ഇനിവരാന്‍ പോകുന്ന ദൈവങ്ങളെ മാജിക്കില്‍നിന്ന് അകറ്റിനിര്‍ത്താനാണ് സാധ്യത.) ചെറുപ്പത്തിലെ സ്വഭാവപ്രശ്നങ്ങള്‍, ഹിസ്റീരിയ എന്നു വിളിക്കാവുന്ന ചെറുകിടമനോരോഗത്തിന്റെ ലക്ഷണങ്ങള്‍, ചില്ലറ പൊടിക്കൈകള്‍, ഭൂതാവേശപ്രകടനം, പ്രാദേശികപ്രശസ്തി, ദൈവമാണെന്ന പ്രഖ്യാപനം, വിപുല ഭക്തവൃന്ദം, ധനത്തിന്റെ കുത്തൊഴുക്ക് എന്നിങ്ങനെ ക്രമാനുഗതമായി ഭക്തിസാമ്രാജ്യത്തിലേക്കു വളര്‍ന്നതാണ് ബാബയുടെ കഥ. സാമാന്യബുദ്ധി കൊണ്ട് മനസ്സിലാക്കാന്‍ വയ്യാത്ത ഒരു പ്രക്രിയയും ഈ പരിണാമത്തിലുണ്ടെന്നു തോന്നുന്നില്ല.

പില്ക്കാലത്ത് സാമൂഹ്യസേവനത്തിന്റെ മേഖലയില്‍ കൈവച്ചതായിരിക്കും ഒരുപക്ഷേ ബാബയുടെ ചരിത്രത്തിലെ നിര്‍ണായകവും ഏറ്റവും ബുദ്ധിപൂര്‍വകവുമായ ചുവടുവയ്പ്. ഇന്ത്യക്കകത്തും പുറത്തുമുള്ള ഉപരിമധ്യവര്‍ഗത്തിന്റെ കയ്യില്‍ അടിഞ്ഞുകൂടിയ സമ്പത്തിന്റെ ഒരംശം ബാബയ്ക്ക് കാണിയ്ക്കയായി കിട്ടി. കിട്ടിയതിന്റെ ചെരിയൊരംശം ബാബ സാമൂഹ്യസേവനത്തിനുപയോഗിച്ചു. ചെലവാകുന്നതിന്റെ പലമടങ്ങ് വീണ്ടും ലഭിച്ചുകൊണ്ടിരുന്നു. സാമൂഹ്യമാറ്റത്തിനോ സമത്വത്തിനോ വേണ്ടിയുള്ള ആഗ്രഹങ്ങളുടെയോ രാഷ്ട്രീയാദര്‍ശങ്ങളുടെയോ പിന്‍ബലത്തിലായിരുന്നില്ല, ഈ സേവനം. യഥാര്‍ഥത്തില്‍ അത്തരം സാമൂഹ്യമാറ്റങ്ങള്‍ക്കെല്ലാമുള്ള സാധ്യതകളെ റദ്ദു ചെയ്യുകപോലുമായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങള്‍. സാമൂഹ്യമാറ്റത്തിന് തങ്ങളും സംഭാവന നല്കിയിരിക്കുന്നു എന്ന വ്യാജസംതൃപ്തിയില്‍ അഭിരമിച്ച് കുറ്റബോധമില്ലാതെ വീണ്ടും ധനസമാഹരണത്തിലേര്‍പ്പെടാനുള്ള സൌകര്യമൊരുങ്ങി ഉപരിവര്‍ഗ്ഗത്തിന്. സാമ്പത്തികസുതാര്യതയില്ലാത്ത ഒരു ട്രസ്റ്റിലേക്ക് ഒഴുകിയെത്തുന്ന പണത്തിന്റെ ചെറിയൊരു ശതമാനം കൊണ്ട് സേവനം നടത്തുന്നത് ദൈവികപ്രവര്‍ത്തിയായി വിശേഷിപ്പിക്കപ്പെട്ടു. സര്‍ക്കാരിനുപോലുംകഴിയാത്ത കാര്യങ്ങള്‍ ചെയ്തയാള്‍ എന്ന് ബാബ പ്രശംസിക്കപ്പെട്ടു. ബാബ ഒരു സമാന്തര സര്‍ക്കാര്‍ തന്നെയായി. സ്പിരിച്വല്‍ ലീഡര്‍, എഡ|ക്കേഷനിസ്റ്, ഫിലാന്ത്രോപിസ്റ്റ്, മരിച്ചപ്പോള്‍ ബാബക്കു മാധ്യമങ്ങള്‍ നല്കിയ വിശേഷണങ്ങള്‍ നിരവധിയാണ്.

വ്യക്തിജീവിതങ്ങളും ദൈവത്തിന്റെ ലീലകളും
ഒരുപാട് ആളുകളെ വ്യക്തിപരമായി സ്വാധീനിച്ചു ബാബ. എട്ടു കോടിയോളം ആളുകള്‍ തങ്ങളുടെ ജീവിതത്തെ നയിക്കുന്നത് ബാബയാണ് എന്നു വിശ്വസിക്കുന്നു. വൈയക്തിക ജീവിതത്തിലെ ഓരോ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതുമായി ബന്ധപ്പെട്ട് പലരും ബാബയെ സന്ദര്‍ശിച്ചിരുന്നു. ബാബ ചിലപ്പോള്‍ എന്തെങ്കിലും നിര്‍ദ്ദേശിക്കും, ചിലപ്പോള്‍ ആര്‍ക്കും ഏതുതരത്തിലും വ്യാഖ്യാനിക്കാവുന്ന ഒരു മറുപടി പറയും. എന്തായാലും ഭക്തര്‍ക്കു സന്തോഷം. ബാബ പറഞ്ഞു, ഇനി ധൈര്യമായി ചെയ്യാം. ദൈവം പറഞ്ഞിട്ടാണ് ഞാനിതു ചെയ്യുന്നത് എന്ന വിശ്വാസവും ദൈവത്തിന്റെ ഗാരണ്ടിയും നിസ്സാരമല്ലാത്ത ആത്മധൈര്യം അവര്‍ക്കു നല്‍കുകയും ചെയ്യും. തുടര്‍ന്ന് ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ബാബയോട് ഉപദേശം തേടുന്ന തരത്തില്‍ അയാള്‍ മാറുകയായി. ബാബയുടെ മറുപടികള്‍ എല്ലായ്പ്പോഴും സുവ്യക്തമായിക്കൊള്ളണമെന്നില്ല. അവ്യക്തമായ മറുപടികള്‍ വരുമ്പോള്‍ ഭക്തന്റെ മനസ്സില്‍ മുന്‍പേ തന്നെ ഉണ്ടായിരുന്ന ഉത്തരങ്ങളെയാവും അയാള്‍ പിന്തുടരുക. ഉദാഹരണത്തിന്, ഒരാള്‍ ജോലി മാറണോ വേണ്ടയോ എന്ന സംശയത്തോടെ ബാബയുടെ മുന്നിലെത്തുന്നു. ഉപദേശം തേടുന്നു. “നിന്റെ തീരുമാനം ശരിയാണ്; ഞാനുണ്ട് കൂടെ” എന്ന് ബാബ. ശങ്കാകുലനായ ഭക്തന് ഈ സൂചന ധാരാളമാണ്. സ്വന്തം മനസ്സില്‍ കൂടുതല്‍ താല്പര്യമുള്ള ചോയ്സ് ബാബ നല്‍കുന്ന ആത്മവിശ്വാസത്തിന്റെ ബലത്തില്‍ പൂരിപ്പിച്ചെടുത്ത് അയാള്‍ തീരുമാനമെടുക്കുന്നു. മനസ്സിന്റെ ഉത്തരം ദൈവത്തിലൂടെ ലഭിക്കുമ്പോള്‍ തീരുമാനമെടുക്കലിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഭക്തന്‍ സ്വതന്ത്രനായി. മനസ്സിന്റെ ഒരു സൂത്രപ്പണിയാണിത്. ഭക്തന്‍ ഇതു തിരിച്ചറിയുന്നുണ്ടാവില്ല. ഒരു തരം സ്വയം കബളിപ്പിക്കല്‍. ഇങ്ങനെ വളര്‍ന്നുവരുന്ന ആശ്രിതത്വത്തിന്റെ ഘട്ടങ്ങളില്‍ ചിലര്‍ക്ക് ബാബ സ്വപ്നത്തില്‍ ഉപദേശം കൊടുക്കുന്നതായി വരെ തോന്നും. ഇതില്‍ ഒരുദ്ഭുതവും ഇല്ല. പ്രതീക്ഷിക്കുന്നതോ ആഗ്രഹിക്കുന്നതോ ഭയക്കുന്നതോ ആയ കാര്യങ്ങളെ സ്വപ്നത്തില്‍ കാണുന്നത് തികച്ചും സാധാരണമായ ഒരു മാനസികപ്രവര്‍ത്തനമാണ്.

ആശ്രിതത്വം അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോള്‍ പലരും ദൈനംദിനതീരുമാനങ്ങളെടുക്കുന്നതില്‍ ബാബയുടെ ‘അനുവാദം’ തേടാന്‍ തുടങ്ങുന്നു. വിചിത്രമായ ഒരു രീതിയിലാണ് ഈ അനുവാദം തേടല്‍. ഉദാഹരണത്തിന് ഒരു ബാബഭക്തന്‍ വീടിനു മതിലു കെട്ടാനാഗ്രഹിക്കുന്നു. അതിനു മുന്‍പ് ബാബയുടെ അനുവാദം വാങ്ങണം. ബസ് സ്റോപ്പിലെത്തുന്നതിനു മുന്‍പ് വഴിയിലൊരു നാല്ക്കാലിയെ കാണുകയാണെങ്കില്‍ മതിലുകെട്ടാന്‍ ബാബ അനുവാദം നല്കി എന്നാണര്‍ത്ഥം എന്നൊരു മാനദണ്ഡം ഭക്തന്‍ തന്നെ നിശ്ചയിക്കുന്നു. ഇങ്ങനെ ഉത്തരം തരുന്നത് ബാബയുടെ ‘ലീല’യാണത്രേ. ഇതിലെ കൂടുതല്‍ രസകരമായ കാര്യം മറ്റൊന്നാണ്. മതില്‍ കെട്ടണം എന്നാണ് അയാളുടെ ആഗ്രഹം. എന്നാലും ബാബയുടെ അനുവാദം വാങ്ങാതെയെങ്ങനെ? അതുകൊണ്ടുതന്നെ സംഭവിക്കാന്‍ നല്ല സാധ്യതയുള്ള ലക്ഷണമേ അയാളുടെ മനസ്സ് തിരഞ്ഞെടുക്കൂ. നാല്ക്കാലിയെ കാണാന്‍ നല്ല സാധ്യതയുള്ള ഒരു വഴിയിലൂടെയായിരിക്കും അയാള്‍ നടക്കാറുള്ളത്. ഈ ലക്ഷണം നിശ്ചയിക്കുമ്പോള്‍തന്നെ അയാള്‍ അനുവാദത്തിലേക്കുള്ള വഴിതുറന്നുകഴിഞ്ഞു എന്നര്‍ത്ഥം. എങ്ങാനും അന്നു നാല്ക്കാലിയെ കണ്ടില്ലെങ്കില്‍ പലരും പദ്ധതി ക്യാന്‍സല്‍ ചെയ്യുകയൊന്നുമില്ല. രണ്ടു ദിവസം കഴിഞ്ഞു വീണ്ടും ശ്രമം തുടരും!

ഇത്തരത്തില്‍ ഓരോ ചെറിയ കാര്യങ്ങളിലും ദൈവത്തിന്റെ അഭിപ്രായമറിയാന്‍ ലക്ഷണം നോക്കുകയോ ഗ്രന്ഥം മറിക്കുകയോ ചെയ്യുന്നവരുടെ എണ്ണം വളരെ വലുതാണ് (വാങ്ങുന്ന സാരിയുടെ നിറം  നിശ്ചയിക്കാന്‍ തിരുവചനപ്പെട്ടി തുറക്കുന്ന എത്രപേരെയാണ് നമുക്കറിയാവുന്നത്!) അങ്ങനെ ചെയ്യുമ്പോഴാകട്ടെ, മുന്‍പു പറഞ്ഞതുപോലെ പലപ്പോഴും അവനവന്റെ ഉള്ളിലുള്ള ഉത്തരങ്ങള്‍ തന്നെയാണ് ഭക്തര്‍ പ്രാവര്‍ത്തികമാക്കുക. മനസ്സിനെ സംബന്ധിച്ച് ലാഭകരമായ പ്രക്രിയയാണിത്. തീരുമാനമെടുക്കുന്നതിന്റെ ഉത്കണ്ഠയില്‍നിന്നും  ഒഴിവാകാമല്ലോ. ഇനി എങ്ങാനും തീരുമാനം പാളിയാലോ? പലരും വീണ്ടും ഉത്തരം ആരായും — നേരിട്ടോ അല്ലാതെയോ. കിട്ടുന്ന ഉത്തരം വീണ്ടും പ്രയോഗിക്കും. വിജയിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഒരിക്കലും ദൈവത്തിനാകില്ല. അത് വ്യക്തിയുടെ മാത്രം പരാജയം; വിജയിച്ചാലോ ക്രെഡിറ്റ് ദൈവത്തിനും. ദൈവം വിജയിപ്പിച്ച കഥകള്‍ പലതവണ ആവര്‍ത്തിക്കപ്പെടും, ദൈവം സഹായിച്ചിട്ടും പരാജയപ്പെട്ടതിന്റെ കഥകള്‍ ആരും പറഞ്ഞുനടക്കാറില്ലല്ലോ. (താന്‍ നിര്‍മിച്ച ഒരു സിനിമയുടെ റീലുകള്‍ സായിബാബയുടെ സവിധത്തില്‍ പൂജിച്ചെന്നും സിനിമ നന്നായി ഓടിയെന്നും അങ്ങനെ ബാബയുടെ ഭക്തനായെന്നും ഒരു നിര്‍മ്മാതാവ് പത്രത്തില്‍ എഴുതിയിരിക്കുന്നു. പിന്നീടും അങ്ങനെ പൂജിച്ചെടുത്ത എത്ര സിനിമകള്‍ ഓടിയില്ലെന്ന് അദ്ദേഹം പറയില്ലല്ലോ. നമ്മളറിയുകയുമില്ല. സാക്ഷ്യം പറച്ചിലുകള്‍ എപ്പോഴും സെലക്ടീവ് ആണ്. അവ ഒന്നിനെയും തെളിയിക്കുന്നില്ല. അവനവന് ആശ്വസിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമാണവ.)

ബാബയുടെ സന്ദേശങ്ങള്‍ പലപ്പോഴും അവ്യക്തമായതിനാല്‍ ഭക്തര്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ വ്യാഖ്യാനിക്കുക പതിവായിരുന്നത്രെ. ബാബയുടെ ഇംഗ്ളിഷിന്റെ അപര്യാപ്തത തന്നെ ഇതിനു കാരണമായിട്ടുണ്ടെന്ന് ഭക്തരുടെ രചനകളില്‍നിന്നുള്ള ഉദ്ധരണികള്‍ വച്ചുതന്നെ ബാബയുടെ മുന്‍ ശിഷ്യന്‍ റോബര്‍ട് പ്രിഡി വിവരിച്ചിട്ടുണ്ട്.

അനുഭവസാക്ഷ്യങ്ങള്‍
ചിലര്‍ ബാബഭക്തരാകുന്നത് സന്ദര്‍ശനവേളയില്‍ ലഭിക്കുന്ന പ്രാധാന്യം കൊണ്ടാവും. വിശദമായ പേഴ്സണല്‍ ഇന്റര്‍വ്യൂവിനു ചിലരെ ക്ഷണിക്കും. പാവങ്ങള്‍ക്കു വിഭൂതിയും മന്ത്രിമാര്‍ക്കും ജസ്റ്റിസുമാര്‍ക്കും സ്വര്‍ണച്ചെയിനുകളും (ടിഎന്‍ ശേഷനെപ്പോലുള്ള മുന്തിയ പുലികള്‍ക്ക് നവരത്നമോതിരവും) ബാബ ‘സൃഷ്ടിച്ചു’നല്കി. ബാബയുടെ മാന്ത്രികവിദ്യ വിശദീകരിക്കാനുള്ള വിമര്‍ശനാത്മക ചിന്ത വശമില്ലാതെ കണ്ണുമിഴിച്ച കൊലകൊമ്പന്മാരായ ബ്യൂറോക്രാറ്റുകള്‍ തങ്ങള്‍ പഠിച്ച യൂണിവെഴ്സിറ്റികളുടെ പെരുമയും ബിരുദത്തിന്റെ വലിപ്പവും ബാബക്ക് സര്‍ട്ടിഫിക്കറ്റ് നല്കാനുള്ള ഉപാധികള്‍ ആക്കി. ഹാര്‍വാഡില്‍ നിന്നു ഫിസിക്സ് പഠിച്ചുവന്നയാളാണ് ഞാന്‍; എനിക്കുറപ്പാണ്, ബാബ വസ്തുക്കളെ സൃഷിക്കും’ എന്ന് അവര്‍ പ്രഘോഷിച്ചു. ഹാര്‍വാഡില്‍നിന്നു ഫിസിക്സ് പഠിച്ചാലും ചീഫ് ജസ്റ്റിസിന്റെ കസേരയിലിരുന്നാലും ഡിആര്‍ഡിഓയുടെ തലപ്പത്തിരുന്നാലും ജീവിത്തില്‍ ശീലിച്ച അയുക്തികത മാറില്ല എന്നാണവര്‍ യഥാര്‍ത്ഥത്തില്‍ തെളിയിച്ചത്. ബാബയുടെ പാവത്താന്മാരായ ഭക്തര്‍ക്ക് ഈ ഹൈ പ്രൊഫൈല്‍ ഭക്തര്‍ മാതൃകയും ആവേശവുമായി. ‘അബ്ദുള്‍കലാമും കൃഷ്ണയ്യരും ബാബയുടെ ഭക്തരാണ്. ഇവരൊക്കെയെന്താ മണ്ടന്മാരാ?’ എന്ന ചോദ്യവുമായി സാദാ ഭക്തര്‍ വിമര്‍ശകരുടെ എതിര്‍പ്പുകളെ നിശ്ശബ്ദമാക്കി. അക്കാദമിക് പരിജ്ഞാനം മനുഷ്യന്റെ യുക്തിബോധത്തിനോ വിമര്‍ശചിന്തക്കോ തരിമ്പും സംഭാവന നല്‍കുന്നില്ലെന്ന് വിമര്‍ശകരോ ഭക്തരോ മനസ്സിലാക്കിയില്ല. 

അമ്പേ ദുഖിതരായി മനോനില തന്നെ തകര്‍ന്നാണ് വേറെ ചിലര്‍ ഇത്തരം ദൈവങ്ങളുടെ പക്കല്‍ എത്തുക. ചെറുതോ വലുതോ ആയ വിഷാദരോഗം തന്നെ പലര്‍ക്കും ഉണ്ടായേക്കാം. അതിന്റെ ഭാഗമായ പരിമിതമായ ചിന്താശേഷിയും ഉയര്‍ന്ന സജസ്റ്റബിലിറ്റി (നിര്‍ദ്ദേശങ്ങള്‍ക്ക് എളുപ്പത്തില്‍ വശംവദരാകുന്ന പ്രവണത) യുമുള്ള ഇത്തരം സന്ദര്‍ശകര്‍ക്ക് വിശ്വാസം നിലനില്പ്പിന് അങ്ങേയറ്റം ആവശ്യമായിരിക്കും. വന്നിരിക്കുന്നത് ആശ്രയംതേടി. മുന്നിലിരിക്കുന്നത് എല്ലാം അറിയുന്ന ദൈവം. പിന്നെ നടക്കുന്നതെല്ലാം വെറും ഓട്ടോമാറ്റിക് പ്രവര്‍ത്തനമാണ്. എന്താണു നിന്റെ പ്രശ്നം എന്ന കരുണ വഴിയുന്ന ഒരു ചോദ്യവും ഒരു തലോടലും മതി ഒരാള്‍ ഭക്തനായി മാറാന്‍. മാധ്യമങ്ങളില്‍ അനുഭവസാക്ഷ്യവുമായി വരുന്ന മുന്‍ വിപ്ളവകാരിയുടെ കഥ നോക്കുക. ബാബയെ കാണുന്നതിനുമുന്‍പുള്ള അദ്ദേഹത്തിന്റെ അവസ്ഥ ഇങ്ങനെ — ജയില്‍ മോചിതന്‍, വിശ്വാസപ്രമാണങ്ങള്‍ തുടര്‍ച്ചയായി തകര്‍ന്നിരിക്കുന്നു, കലുഷിതമായ കുടുംബാന്തരീക്ഷം, നിരാശ മൂത്ത് അലഞ്ഞുതിരിയുന്നു, മദ്യം ശീലമാക്കി, ഏതാനും ആധ്യാത്മികഗുരുക്കന്മാരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു, ബാബയെക്കുറിച്ചുള്ള ഒരു പുസ്തകവും വായിച്ചു (മനസ്സു തയ്യാറായിക്കഴിഞ്ഞെന്നര്‍ത്ഥം). ഇത്തരമൊരാള്‍ക്ക് ഒരു ദൈവത്തിന്റെ ആവശ്യമുണ്ട്. സ്പര്‍ശിക്കാനും ആശ്വസിപ്പിക്കാനും കഴിയുന്ന ഒരു ദൈവം. അതുകൊണ്ടുതന്നെ അദ്ദേഹം അത്തരമൊരു ദൈവത്തെ അന്വേഷിച്ചുപോയി. വിശദീകരിക്കാന്‍ ബുദ്ധിമുട്ടു തോന്നിയ ഒരു സംഭവത്തെ ദൈവത്തിന്റെ ക്ഷണമായി മനസ്സിലാക്കുകയും ചെയ്തു. ആ ‘അദ്ഭുത’ത്തിന്റെ യുക്തിസഹമായ വിശദീകരണങ്ങളിലേക്കൊന്നും പോകാന്‍ പറ്റുന്ന പരുവത്തിലായിരുന്നിരിക്കില്ല അദ്ദേഹത്തിന്റെ അന്നത്തെ മനസ്സ്. അവസാനത്തെ കച്ചിത്തുരുമ്പില്‍ കയറിപ്പിടിക്കാനേ മനസ്സിനു കഴിയൂ; വിശ്വാസം നിലനില്പിനുതന്നെ ആവശ്യമായി വരുമ്പോള്‍ സംശയിക്കാനൊന്നും ഒരു മനസ്സിനും കഴിയില്ല. (വ്യക്തിപരമാണെങ്കിലും ഇത്തരം ഉദാഹരണങ്ങളെ പരാമര്‍ശിക്കാതെ വയ്യ. നമ്മുടെ നാട്ടില്‍ വിശ്വാസം ഒരിക്കലും രഹസ്യമല്ല, വൈയക്തികമല്ല, നിശ്ശബ്ദമല്ല. അതു പൊതുവായ ചര്‍ച്ചയും പ്രഘോഷണവും അധികാരപ്രയോഗം പോലുമായതിനാല്‍ വിശ്വാസങ്ങളെ പൊതുചര്‍ച്ചയ്ക്കു കൊണ്ടുനിര്‍ത്തേണ്ടിവരും.)

മനസ്സു വായിക്കുന്ന ദൈവം 
പലരുടെയും പ്രശ്നങ്ങള്‍ ബാബ അങ്ങോട്ട് ചോദിക്കാറുണ്ട്. പരിചയസമ്പന്നനായ ഒരാള്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്നതാണിത്. ആളുകളുടെ മട്ടും ഭാവവും കണ്ടാല്‍തന്നെ പലതും ഊഹിക്കാന്‍ പറ്റും. പലപ്പോഴും ആളുകള്‍ അത്രയൊന്നും ശ്രദ്ധിക്കാതെ അങ്ങോട്ടു പറഞ്ഞുകൊടുക്കുന്ന വിവരങ്ങള്‍ തന്നെ തിരിച്ചിങ്ങോട്ട് കിട്ടാം. നാഡീജ്യോത്സ്യക്കാര്‍ നൂറ്റാണ്ടുകളായി വിജയകരമായി പ്രയോഗിക്കുന്ന ഒരു വിദ്യയാണിത്. സംസാരത്തിലെ ചില സൂചനകളില്‍ നിന്നാവാം പല ഉത്തരങ്ങളിലേക്കുമെത്തുന്നത്. ഇത്തരത്തിലുള്ള മനസ്സുവായനക്ക് കോള്‍ഡ് റീഡിങ്ങ് എന്നു പറയും. മനശ്ശാസ്ത്രതത്വങ്ങളുപയോഗ്ഗിച്ച് ഏവരേയുമമ്പരിപ്പിക്കുന്ന രീതിയില്‍ കോള്‍ഡ് റീഡിങ്ങ് നടത്തുന്ന ഡരെന്‍ ബ്രൌണിന്റെ ഷോ പലരും കണ്ടിട്ടുണ്ടാവും, അവിശ്വനീയമായിത്തോന്നും. പക്ഷെ, അദ്ഭുതത്തിനവകാശമില്ല. (ഇത്തരം സൂത്രങ്ങള്‍ക്കു പുറമെ, ദര്‍ശനത്തിനെത്തുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ചാരപ്പണി ഏര്‍പ്പാടാക്കുന്ന ദൈവങ്ങളുമുണ്ടത്രേ.)

ഞാന്‍ കണ്ടതല്ലേ?
എന്നാലും ഇത്രയും പേരുടെ വ്യക്തിപരമായ അനുഭവങ്ങളെ അവിശ്വസിക്കുന്നതെങ്ങനെ എന്ന് സ്വാഭാവികമായ ഒരു സംശയം തോന്നും. ഉത്തരം ഒന്നേയുള്ളൂ, ഒരാളുടെ വൈയക്തികലോകത്തെ മനസ്സിലാക്കാന്‍ ഉപകരിക്കുമെന്നല്ലാതെ, ഏതെങ്കിലും ഒരു പ്രതിഭാസത്തിന്റെ സാധുത നിര്‍ണയിക്കുന്നതില്‍ വ്യക്തിപരമായ അനുഭവങ്ങള്‍ക്ക് ഒരു വിലയുമില്ല. ഏതൊരാളുടെയും വൈയക്തികലോകം പലതരത്തിലുള്ള വിശ്വാസപ്രമാണങ്ങളും കാഴ്ചപ്പാടുകളും പക്ഷപാതങ്ങളും ചേര്‍ന്ന് നിറം പിടിപ്പിച്ച ഒന്നാണ്. വസ്തുനിഷ്ഠയാഥാര്‍ത്ഥ്യത്തേക്കാള്‍ വ്യക്തിഗതതാല്പര്യങ്ങള്ക്കും ആഗ്രഹങ്ങള്‍ക്കുമാണ് അവിടെ സ്ഥാനം. നുണ/ നേര് എന്നീ രണ്ടു ചോയ്സ് മാത്രമേ മനുഷ്യന്‍ പ്രയോഗിക്കൂ എന്ന നിഷ്കളങ്കമായ വിശ്വാസമാണ്  ജനങ്ങള്‍ക്ക്. ഇക്കണ്ട മനുഷ്യര്‍ ഒന്നടങ്കം നുണപറയില്ലല്ലോ; നുണ പറയേണ്ട കാര്യമവര്‍ക്കില്ലല്ലോ; സര്‍വോപരി ഞാന്‍ നേരിട്ടു കണ്ടതാണല്ലോ; ഞാന്‍ എന്നോട് നുണ പറയില്ലല്ലോ എന്നൊക്കെയാണ് നമ്മള്‍ വിചാരിക്കുക. നേരും നുണയും കൃത്യമായി വേര്‍തിരിഞ്ഞുകിടക്കുന്ന ഒരു ബ്ളാക്ക് ആന്‍ഡ് വൈറ്റ് പ്രതിഭാസമേയല്ല മനുഷ്യമനസ്സ്. നേരും നുണയും തമ്മില്‍ സൌകര്യപൂര്‍വം മാറ്റിവരക്കാവുന്ന ഒരു നേര്‍ത്ത അതിര്‍വരമ്പേ പലപ്പോഴുമൂണ്ടാവൂ. ‘ഞാന്‍ നേരിട്ടു കണ്ടതാണ്’ എന്നതാണ് മറ്റൊരു വാദം. നിര്‍ഭാഗ്യവശാല്‍, കാഴ്ച വിശ്വാസയോഗ്യമായ ഒരു തെളിവല്ല! ആയിരുന്നെങ്കില്‍ മാജിക് എന്ന കലയേ ഉണ്ടാവുമായിരുന്നില്ല. ഞാന്‍ നേരിട്ടുകണ്ടതാണ് എന്നത് കോടതിയില്‍ മാത്രമേ യാഥാര്‍ത്ഥ്യത്തിനുള്ള തെളിവായി കണക്കാക്കപ്പെടുകയുള്ളൂ. (മനശ്ശാസ്ത്രത്തിലും മാജികിലും അതു പെര്‍സെപ്ഷന്റെ തലത്തിലേ നില്ക്കുന്നൂള്ളൂ.) ഏറ്റവുമധികം വളച്ചൊടിക്കലുകള്‍ നടക്കുന്ന മേഖലയാണ് സ്വാനുഭവങ്ങളും അവയുടെ വിശദീകരണങ്ങളും. അനുഭവം വിശ്വാസസംബന്ധിയാവുമ്പോള്‍ ഈ വളച്ചൊടിക്കലുകള്‍ പരമാവധി നടക്കും. വിശ്വാസം പലര്ക്കും ഒരാവശ്യമാണ്. മനുഷ്യമനസ്സിനാകട്ടെ, അവനവന് ആവശ്യമുള്ള കാര്യങ്ങളെ മാത്രം തെരഞ്ഞെടുത്തു കാണാനും (സെലക്റ്റീവ് പെര്‍സെപ്ഷന്‍) വിശ്വസിക്കുന്ന കാര്യങ്ങളെ മാത്രം ശരിവക്കാനും (കണ്‍ഫര്‍മേഷന്‍ ബയസ്) ഉള്ള സ്വാഭാവികപ്രവണതയുമുണ്ട്. മറ്റുള്ളവരെ മാത്രമല്ല, അവനവനെത്തന്നെയും വഞ്ചിക്കുന്ന വിചിത്രയന്ത്രങ്ങളാണ് മനുഷ്യമസ്തിഷ്കങ്ങള്‍. ഇക്കാര്യത്തില്‍ അഭ്യസ്തവിദ്യനെന്നോ ശാസ്ത്രജ്ഞനെന്നോ ഭക്തനെന്നോ സന്യാസിയെന്നോ ഉള്ള വ്യത്യാസങ്ങള്‍ ഉള്ളതായി അറിവില്ല. സ്വന്തം ചിന്തകളുടെയും ധാരണകളുടെയും പരിമിതികളെക്കുറിച്ചുള്ള സാമാന്യവിവരമെങ്കിലും ഉണ്ടെങ്കിലേ അവനവനു തെറ്റുപറ്റാം എന്നു മനസ്സിലാക്കാന്‍ സാധിക്കൂ. മാനസികപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അടിസ്ഥാനധാരണയെങ്കിലും ഉണ്ടായിരിക്കുകയും നിരന്തരം ആത്മപരിശോധന നടത്തുകയും ചെയ്തുകൊണ്ടിരുന്നാല്‍ മാത്രമേ ഇത്തരമൊരു മനസ്സിലാക്കലിനുള്ള സന്നദ്ധതയുണ്ടാവൂ. തികച്ചും വേദനാജനകമായ ഈ സ്വയം വിമര്‍ശനത്തിനുള്ള സന്നദ്ധതയില്ലാത്തതുകൊണ്ടുകൂടിയാവാം  വിദ്യാസമ്പന്നരായ പല വമ്പന്മാരും അദ്ഭുതങ്ങളെയും ഓജോ ബോര്‍ഡിനെയുമൊക്കെ ന്യായീകരിക്കാന്‍ സെല്‍ഫ് റെഫറന്‍സുകള്‍ നല്കിക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള ‘ആത്മാന്വേഷണ’ത്തിന്റെ അഭാവത്തിലാണ് സംന്യാസികള്‍ ദൈവങ്ങളായി സ്വയം അവരോധിക്കുന്നത്, സാധാരണ മനുഷ്യര്‍ വിശ്വാസികളാവുന്നത്. നിര്‍ഭാഗ്യവശാല്‍, ഇന്ത്യന്‍ വിദ്യാഭ്യാസമോ ജീവിതസാഹചര്യങ്ങളോ മേല്പറഞ്ഞ തരത്തിലുള്ള മനശ്ശാസ്ത്രബോധവും ആത്മവിമര്‍ശവും ശാസ്ത്രീയ യുക്തിയും  ജനങ്ങളിലുണ്ടാക്കുന്നതിന് ഒട്ടും പര്യാപ്തമല്ല.

എന്നാലും, എന്താണ് ഈ ആകര്‍ഷണത്തിന്റെ മനശ്ശാസ്ത്രരഹസ്യം?
ഇത്രയധികം പേരെ ആകര്‍ഷിക്കണമെങ്കില്‍ എന്തെങ്കിലും ദൈവികത്വമോ ‘സിദ്ധി’യോ ഇല്ലാതെ കഴിയുമോ? ന്യായമായ സംശയം എന്നു തോന്നാം. എന്നാല്‍ സത്യം ലേശം വിചിത്രമാണ്. ഒരാളെ വിശ്വസിപ്പിക്കുന്നതിലും എളുപ്പമാണ് പലപ്പോഴും ഒരു കോടി ആളുകളെ വിശ്വസിപ്പിക്കുന്നത്. അതു മിക്കവാറും ഒരു ഓട്ടൊമാറ്റിക് പ്രവര്‍ത്തനമാണ്. ദൈവങ്ങളാണെന്നു പ്രഖ്യാപിക്കുന്നവര്‍ക്ക് ഇതില്‍ സവിശേഷാനുകൂല്യമുണ്ട്. ആദ്യവര്‍ഷങ്ങളാണ് ഏതു ദൈവത്തിനും ബുദ്ധിമുട്ടുണ്ടാക്കുന്നത്. സായിബാബയ്ക്കും അങ്ങനെ തന്നെയായിരുന്നുവെന്ന് ബാബയുടെ ഔദ്യോഗികചരിത്രകാരന്മാര്‍ തന്നെ പറയുന്നുണ്ട്. വീട്ടുകാരുടെയും നാട്ടുകാരുടെയും എതിര്‍പ്പ്, വൈകാരികചാഞ്ചാട്ടങ്ങള്‍, അദ്ഭുതകഥകള്‍, മനോരോഗമാണെന്ന സംശയം, മര്‍ദ്ദനം ഇതെല്ലാം മിക്കവാറും എല്ലാ ദൈവങ്ങളുടെയും ആദ്യകാലചരിത്രത്തിന്റെ ഭാഗമാണ്. ഈ നിര്‍ണായകഘട്ടം കടന്നുകിട്ടിയാല്‍ പിന്നീട് കാര്യങ്ങളെല്ലാം ഭക്തര്‍ നോക്കിക്കൊള്ളും. മനുഷ്യസംസ്കാരമുണ്ടായിട്ടിന്നുവരെ ഒരു കാലത്തും ദൈവങ്ങള്‍ക്കും പ്രവാചകര്‍ക്കും ഭക്തരെക്കിട്ടാതിരുന്നിട്ടില്ല. അവരുടെ ഭാഷണവും പ്രവൃത്തിയും അതതു കാലത്തെ ജനതയുടെ മാനസികദാരിദ്ര്യവും ആവശ്യങ്ങളുമായി സംവദിക്കുന്നതാണെങ്കില്‍ ആരാധകര്‍ കൂടിവരികയേ ഉള്ളൂ. പ്രശസ്തനായിക്കഴിഞ്ഞാല്‍ പിന്നെ ആ പ്രശസ്തി തന്നെ ഒരു സ്വാധീനശക്തിയാകും. മിക്കവാറും എല്ലാവരും മറ്റൊരാളുടെ സ്വാധീനശേഷിക്ക് വളരെയെളുപ്പത്തില്‍ വഴങ്ങിക്കൊടുക്കുന്നവരാണ് (സജസ്റ്റിബിള്‍).
ആരും ഒരു ദൈവത്തെയും വഴിവക്കില്‍ പെട്ടെന്നു കണ്ടുമുട്ടി ഏതോ പ്രഭാവലയത്താല്‍ സ്വാധീനിക്കപ്പെടുന്നതൊന്നുമല്ല. പ്രശസ്തനായ ഒരു ദൈവത്തെ കാണാന്‍ പോകുന്നതിനൊക്കെ വളരെമുമ്പു തന്നെ ഏതൊരാളും ദീര്‍ഘമായ ഒരു തയ്യാറെടുപ്പു നടത്തിയിട്ടുണ്ടാവും. ഭക്തനാകാനുള്ള സന്നദ്ധത അവിടെ തുടങ്ങിക്കഴിഞ്ഞു. ദൈവത്തിന്റെ നൂറുകണക്കിന് അദ്ഭുതകഥകള്‍ കേട്ട്, ദിവസങ്ങളോ മാസങ്ങളോ നീണ്ട തയ്യാറെടുപ്പുകളോടെ, ദീര്‍ഘമായ യാത്ര ചെയ്ത്, മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന്, ആയിരങ്ങള്‍ക്കൊപ്പമാണ് ഒരാള്‍ ദൈവത്തെ ദര്‍ശിക്കുന്നത്. മനസ്സിളകിപ്പോകാതിരിക്കണമെങ്കില്‍ വല്ല അന്യഗ്രഹജീവിയുമായിരിക്കണം. അത് ദൈവത്തിന്റെ സിദ്ധിയൊന്നുമല്ല, മനുഷ്യരുടെ ഒരു സ്വാഭാവികപെരുമാറ്റം മാത്രമാണ്. (കൈവശമുള്ള ബിരുദങ്ങളുടെ കനവും സജസ്റ്റിബിലിറ്റിയുമായി കാര്യമായ ബന്ധമൊന്നുമില്ല എന്നും ഓര്‍ക്കുമല്ലോ) ഇതൊക്കെ പറഞ്ഞാലും ചിലര്‍ അതേ പഴയ ചോദ്യം വേറൊരു രീതിയില്‍ ചോദിക്കാറുണ്ട്, “എന്നാലുമെന്തേ ചിലര്‍ക്കു മാത്രമിതു സാധിക്കുന്നു? നിങ്ങള്‍ക്കോ എനിക്കോ ഇതു സാധിക്കുന്നില്ലല്ലോ?”പഴയ ഉത്തരം വേറൊരു രീതിയില്‍ പറയുകയേ മാര്‍ഗ്ഗമുള്ളൂ. “ചിലരേ ദൈവമാകാന്‍ ഇറങ്ങിപ്പുറപ്പെടുന്നുള്ളൂ. എനിക്കോ നിങ്ങള്‍ക്കോ അതൊരു മാനസികാവശ്യമല്ല.” നേരത്തെ പറഞ്ഞ ആ വിഷമം പിടിച്ച ആദ്യഘട്ടം വിജയകരമായി കടന്നു കിട്ടിയാല്‍, തുനിഞ്ഞിറങ്ങിയവരൊക്കെ ചെറുതോ വലുതോ ആയ ദൈവങ്ങളായിട്ടുണ്ടെന്നു തന്നെയാണു ചരിത്രം. ആദ്യഘട്ടത്തില്‍ തന്നെ മാനസികരോഗാശുപത്രിയിലോ കാരാഗൃഹത്തിലോ എത്തിപ്പെടുന്ന അനേകം തുടക്കക്കാര്‍ക്ക് ഭാഗ്യത്തിന്റെയോ കൌശലത്തിന്റെയോ കുറവുണ്ടായേക്കാം എന്നേയുള്ളൂ.

‘ശാസ്ത്രത്തിന്റെ പരിമിതി’യും ചില പാരാസൈക്കോളജിക്കല്‍ ജാര്‍ഗണ്‍സും
സായിബാബയടക്കമുള്ളവരില്‍ ആരോപിക്കപ്പെടുന്ന ദിവ്യത്വത്തെ ചിലര്‍ അതീന്ദ്രിയസിദ്ധികളായി വിശേഷിപ്പിക്കാറുണ്ട്. അതിന് ഉപോദ്ബലകമായി പാരാസൈക്കോളജിയില്‍ എന്തോ പഠനങ്ങള്‍ നടന്നിട്ടുണ്ട് എന്നും പറയും. പൊതുജനം (ചില മലയാള സിനിമക്കാരും) എന്തോ ദിവ്യത്വം കല്പിച്ചു കണ്ടുകൊണ്ടിരിക്കുന്ന പാരാസൈക്കോളജിയില്‍ നാളിതുവരെ നടന്നിട്ടുള്ള ഒരു പരീക്ഷണം പോലും അതീന്ദ്രിയശക്തികളുടെ സാന്നിധ്യത്തെ സംശയാതീതമായി തെളിയിച്ചിട്ടില്ലെന്നതാണു വാസ്തവം. ചില നിക്ഷിപ്തതാല്പര്യക്കാര്‍ അംഗീകൃത ഗവേഷണരീതിശാസ്ത്രവുമായി പുലബന്ധമില്ലാത്ത ചില സൂത്രപ്പണികളിലൂടെ പഠനങ്ങള്‍ എന്ന പേരില്‍ ചിലതെല്ലാം ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. അവയിലൊന്നുപോലും വിശ്വാസയോഗ്യമായ രീതിയില്‍ വിദഗ്ധാംഗീകാരം നേടിയിട്ടില്ല.

എന്നാല്‍ ആധുനിക ശാസ്ത്രം പല മാനസികപ്രതിഭാസങ്ങള്‍ക്കും തൃപ്തികരമായ ഉത്തരം നല്കി മുന്നോടു പോയിക്കൊണ്ടിരിക്കുന്നു. ബാബയുടെ ശിഷ്യനായ ഒരു സ്പേസ് സയന്റിസ്റ് ആധുനികശാസ്ത്രത്തെ നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നത് അവബോധം -കോണ്‍ഷ്യസ്നെസ്- എന്താണെന്ന് ശാസ്ത്രത്തിന് ഇതുവരെ മനസ്സിലായിട്ടില്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു. (റെഡിമെയ്ഡ് ഉത്തരങ്ങള്‍ കൊടുക്കുന്നതാണു ശാസ്ത്രത്തിന്റെ ജോലി എന്നു കരുതുന്ന അദ്ദേഹത്തെ ശാസ്ത്രജ്ഞന്‍ എന്നു വിളിക്കാന്‍ ബുദ്ധിമുട്ടുണ്ട്.) എന്നാല്‍ ന്യൂറോബയോളജിയും ന്യൂറോസൈക്കോളജിയും അവബോധത്തെ മനസ്സിലാക്കുന്നതില്‍ ദിനം പ്രതിയെന്നോണമാണ് പുരോഗതി നേടിക്കൊണ്ടിരിക്കുന്നത്. മറ്റേതൊരു ജൈവികപ്രതിഭാസവും പോലെ തന്നെ വിശദീകരിക്കപ്പെടാവുന്നതാണ് അവബോധവും. അതില്‍ ‘അതീന്ദ്രിയ’മോ ‘ആത്മീയ’മോ ആയ ഒന്നുമില്ല.

ബാബയുടെ മരണത്തിനു ശേഷം നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു ഇടതുപക്ഷസൈദ്ധാന്തികന്‍ അഭിപ്രായപ്പെട്ടത് ബാബയെപ്പോലുള്ളവരെ ‘സാന്ത്വനപ്രതിഭക’ളായി കാണണമെന്നും ‘വരണ്ട യുക്തിവാദം’ വച്ച് അവരെ വിമര്‍ശിക്കരുത് എന്നുമാണ്. ഇത്തരം പ്രതിഭാസങ്ങള്‍ മനുഷ്യമനസ്സിന്റെ ‘ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഏതോ സവിശേഷത’യിലേക്കു വിരല്‍ ചൂണ്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒറ്റനോട്ടത്തില്‍ വിശദീകരിക്കാന്‍ ബുദ്ധിമുട്ടു തോന്നുന്ന ഇത്തരം പ്രതിഭാസങ്ങളെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെയൊക്കെയാണ്. ഇക്കാര്യത്തില്‍ വീണ്ടും പറയട്ടെ, നിലവിലുള്ള മനശ്ശാസ്ത്രവിജ്ഞാനവും യുക്തിബോധവുമുപയോഗിച്ച് വസ്തുനിഷ്ഠമായി വിശദീകരിക്കാവുന്നതിലപ്പുറം ഒന്നുമില്ല സായിബാബ പോലുള്ള പ്രതിഭാസങ്ങളില്‍.  വിശദീകരി ക്കാന്‍ വയ്യാത്ത എന്തെങ്കിലും സവിശേഷത ഇവരിലുള്ളതായി കരുതേണ്ട കാര്യവുമില്ല. സിനിമകളിലും ബാലമാസികകളിലും ചില പത്രങ്ങളിലും മാത്രമാണ് ഇത്തരം സവിശേഷതകള്‍ക്ക് സ്ഥാനമുള്ളൂ. (സായിബാബ ചെയ്തുകൊണ്ടിരുന്നത് മാജിക് ആണെന്ന് മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ഒരു പ്രമുഖസംന്യാസി തുറന്നുപറഞ്ഞു എന്നതും ഓര്‍ക്കേണ്ടതുണ്ട്.)

പക്ഷേ, ദൈവങ്ങള്‍ നല്കുന്ന സാന്ത്വനത്തെ നിങ്ങള്‍ എന്തിന് എതിര്‍ക്കണം?
അതേ, ഇതെല്ലാം ശരിയായിരിക്കാം, എങ്കിലും നിസ്സഹായരായ മനുഷ്യര്‍ക്ക് ഈ ദൈവങ്ങളെ കാണുമ്പോള്‍ അല്പം ആശ്വാസം കിട്ടുന്നുണ്ടെങ്കില്‍ എന്തിനതിനെ വിമര്‍ശിക്കണം എന്നൊരു ചോദ്യം എല്ലാ വിമര്‍ശകര്‍ക്കു നേരെയും ഉയരാറുണ്ട്. ന്യായമായ ചോദ്യം എന്നു തോന്നും, ഇതും. എന്നാല്‍, വ്യക്തികളുടെ ഈ വിശ്വാസവ്യവസ്ഥകളെല്ലാം ചേര്‍ന്ന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമൂഹവ്യവസ്ഥയെ എങ്ങനെ മാറ്റിത്തീര്‍ത്തു എന്നന്വേഷിക്കുമ്പോഴാണ് ഈ വിശ്വാസസാമ്രാജ്യങ്ങളുടെ അറിയപ്പെടാത്ത ആഴങ്ങള്‍ കണ്ട് നാം ഞെട്ടുക.


ഭാഗം രണ്ട്
കര്‍മ്മഫലത്തിലും പുനര്‍ജന്മത്തിലും ജാതിവ്യവസ്ഥയിലുമൊക്കെയായി സ്തംഭിച്ചുകിടന്നശേഷം, മത,സാമൂഹികപരിഷ്കരണപ്രസ്ഥാനങ്ങളിലൂടെയും ദേശീയപ്രസ്ഥാനത്തിലൂടെയും പിന്നീട് നെഹ്രുവിയന്‍ ദേശീയതയിലൂടെയുമൊക്കെയായി ഇച്ഛാശക്തി പ്രകടിപ്പിച്ചുതുടങ്ങിയ ഒരു ജനതയെയാണ് സായിബാബയടക്കമുള്ള ദൈവങ്ങള്‍ അഭിസംബോധന ചെയ്തത്. ജീവിതവും സമൂഹവുമായി ബന്ധപ്പെട്ട ഓരോ വിഷയത്തിലും അങ്ങേയറ്റം വ്യക്തിനിഷ്ടവും പലപ്പോഴും അയുക്തികവുമായ പരിഹാരങ്ങളാണ് പക്ഷേ ഈ ദൈവങ്ങള്‍ മുഖേന ഭക്തര്‍ക്കു കിട്ടിയത്. പ്രശ്നപരിഹാരത്തിന്റെ സാമൂഹികരാഷ്ട്രീയസാധ്യതകള്‍ ആരാഞ്ഞുതുടങ്ങിയ ഒരു ജനതയെ ദിവ്യാത്ഭുതത്തിന്റെയും ദൈവനിശ്ചയത്തിന്റെയും പരാധീനതയിലേക്ക് ബന്ധിച്ചുനിര്‍ത്തി ഇവര്‍. അദ്ഭുതങ്ങളെ വിസിറ്റിങ്ങ് കാര്‍ഡുകള്‍ എന്നാണ് ബാബ വിശേഷിപ്പിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ അയുക്തികതയിലേക്കും വ്യക്തിപരതയിലേക്കും അരാഷ്ട്രീയതയിലേക്കുമെല്ലാമുള്ള വിസിറ്റിങ്ങ് കാര്‍ഡുകളായിരുന്നു അവ. ഒരു ജനതയുടെ വീക്ഷണത്തെയൊന്നാകെ ചുരുങ്ങിയത് നാലു നൂറ്റാണ്ടു പിന്നിലേക്കു കൊണ്ടുനിര്‍ത്തി അത്. ജനത്തിന്റെ ഇച്ഛാശക്തിയെയും കര്‍തൃത്ത്വബോധത്തെയും നിര്‍വീര്യമാക്കിക്കൊണ്ട് സമൂഹത്തിലെ സ്റാറ്റസ്ക്വോ നിര്‍വിഘ്നം നിലനിര്‍ത്തി, ദൈവവും വിശ്വാസികളും. അസംതൃപ്തരായ ജനസമൂഹത്തെ വ്യാജമായ താത്കാലികശാന്തിയുടെ മായാതല്പത്തില്‍ മയക്കിക്കിടത്തി സാമൂഹികമാറ്റങ്ങളെയെല്ലാം മുന്‍കൂറായി റദ്ദു ചെയ്യുന്ന മാനസികമായ വന്മതില്‍ ആയി നിലകൊണ്ടു ബാബയും കൂട്ടരും.

ഒരു രാജ്യത്തിന്റെ ജീവിതശൈലി വിചിത്രമായ ഒരു വിശ്വാസവ്യവസ്ഥയില്‍ കുടുങ്ങുകയായിരുന്നു. സ്വന്തം കാര്യങ്ങളെല്ലാം അപാരമായ മത്സരബുദ്ധിയോടെ നടത്തിയിട്ട് എല്ലാം ദൈവതീരുമാനം എന്നുപറഞ്ഞൊഴിയുന്ന മധ്യവര്‍ഗ്ഗത്തെ വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്തബോധത്തില്‍നിന്ന് കുറ്റബോധമില്ലാതെ ഒഴിഞ്ഞുനില്ക്കാന്‍ ഇത്തരം ദൈവസങ്കേതങ്ങള്‍ സഹായിച്ചു. ആശയങ്ങളിലും പെരുമാറ്റത്തിലും ജീവിതശൈലിയിലുമെല്ലാം വൈരുദ്ധ്യങ്ങള്‍ക്ക് പഞ്ഞമില്ലാതായി. ബാബ തന്നെയായിരുന്നു ഇതില്‍ മാതൃക. ആധുനികവൈദ്യശാസ്ത്രമനുസരിച്ചുള്ള ഹോസ്പിറ്റല്‍ നടത്തിക്കൊണ്ടുതന്നെ അദ്ഭുതരോഗശാന്തി പ്രചരിപ്പിക്കുകയായിരുന്നല്ലോ ബാബ. അങ്ങനെ മതത്തിന്റെ അയുക്തി ഇന്ത്യയിലെ ശാസ്ത്രരംഗത്തെ സാവധാനം വിഴുങ്ങി. ശാസ്ത്രത്തെയല്ല, നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളെ വിശ്വസിക്കാന്‍ ബാബ നിരന്തരം ഭക്തരോട് പറഞ്ഞുകൊണ്ടിരുന്നു. ജ്യോതിഷവും കപടശാസ്ത്രങ്ങളുമെല്ലാം കൊഴുക്കാനുള്ള പശ്ചാത്തലമാണ് അങ്ങനെ ഉണ്ടായത്.

ബാബയും ഇന്ത്യന്‍ ആധ്യാത്മികതയും
ഇന്നത്തെ ഇന്ത്യയില്‍ ചെറുതും വലുതുമായി ഏഴായിരത്തോളം ദൈവങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടത്രെ. ഈ ദൈവങ്ങള്‍ക്ക് ആധ്യാത്മികവ്യവസായം നടത്താനുള്ള പ്രേരണയും ധൈര്യവും നല്കിയതില്‍ ബാബയുടെ വന്‍ വിജയം നിര്‍ണായകപങ്കുവഹിച്ചിട്ടുണ്ട്. ദിവ്യാദ്ഭുതകഥകള്‍, സ്വദേശത്തും വിദേശത്തുമുള്ള ഭക്തവൃന്ദം, ആതുരസേവനം, സേവാസമിതി എന്ന കോംബിനേഷനിലുള്ള ആധുനികദൈവമാതൃക നിലവില്‍ വന്നത് ബാബയിലൂടെയായിരിക്കും. ധനസാമ്രാജ്യത്തിനധിപതിയായി ശിഷ്യവൃന്ദത്തിനൊപ്പം വാഴുന്ന ദൈവംതന്നെ അനേകം മഹത്വകാംക്ഷികള്‍ക്ക് ഒരു മാതൃകയായി. അങ്ങനെ ഉണ്ടായിവന്ന പുതിയ ദൈവങ്ങള്‍ അറിഞ്ഞോ അറിയാതെയോ സ്വന്തം ജീവിതതത്ത്വം തന്നെ ശിഷ്യര്‍ക്കും പകര്‍ന്നുകൊടുത്തു. വ്യക്തിഗതമായ ഉന്നതിയിലേക്കു കണ്ണും നട്ടിരിക്കുന്ന ജനങ്ങളുടെ വലിയ കൂട്ടങ്ങള്‍ ഇവരുടെ ആശ്രമങ്ങളിലേക്ക് ഒഴുകിയെത്തി. തങ്ങളുടെ ആഴം കുറഞ്ഞ ജീവിതതത്ത്വശാസ്ത്രങ്ങള്‍ക്ക് ചേര്‍ന്ന ഒരു ദൈവത്തെ ലഭിക്കുകകയായിരുന്നു ഭക്തര്‍ക്ക്. ഉപരിപ്ളവമായ കഥകളിലൂടെ ദൈവങ്ങള്‍ അവരോട് സംസാരിച്ചു. പാണ്ഡിത്യമോ ആത്മജ്ഞാനമോ സാമാന്യലോകവിവരം പോലുമോ ആവശ്യമില്ലാത്ത ദൈവങ്ങള്‍ക്ക് അറിവില്ലായ്മ അലങ്കാരമായി മാറി. ഗഹനമായ ജീവിതതത്ത്വങ്ങളുടെ ലളിതമായ അവതരണമെന്നുപറഞ്ഞ്, ശിഷ്യഗണങ്ങള്‍ ദൈവങ്ങളുടെ ജ്ഞാനദാദിദ്ര്യത്തെ മഹത്ത്വവത്കരിച്ചു. ഒരു തരത്തിലുള്ള ആത്മാന്വേഷണത്തിനും പ്രേരിപ്പിക്കാതെ താല്കാലികസാന്ത്വനത്തിന്റെ പ്രലോഭനത്തില്‍ ഭക്തരെ ദൈവങ്ങള്‍ തളച്ചിട്ടു. ഋഷിമാര്‍, സംന്യാസികള്‍, ഗുരുക്കന്മാര്‍ എന്ന തലങ്ങളില്‍ നിന്നും ദൈവങ്ങള്‍ എന്ന തലത്തിലേക്ക് ആധ്യാത്മികനേതാക്കള്‍ ഉയര്‍ത്തപ്പെടുകയായിരുന്നു.

എന്നാലോ, നിരന്തരം ഭൌതികോന്നതിക്കുവേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞുകൊണ്ടേയിരിക്കുക എന്നതായിരുന്നു പല ദൈവങ്ങളൂടെയും കഥാകഥനത്തിന്റെ അന്തര്‍ധാര. സംസ്കാരത്തിന്റെ വിമര്‍ശമോ ചരിത്രപരമായ കാഴ്ചപ്പാടോ ദൈവങ്ങളുടെ പ്രബോധനങ്ങളിലുണ്ടായിരുന്നില്ല. ഉദ്ദിഷ്ടകാര്യപ്രാപ്തി എന്ന ഒറ്റ അജണ്ടയിലേക്ക് അങ്ങനെ ഭക്തി ചുരുങ്ങിപ്പോയി. അതേസമയം ആധ്യാത്മികശോഷണത്തെ സേവനങ്ങള്‍ കൊണ്ട് മറികടക്കാന്‍ ദൈവങ്ങളും ഭക്തരും ശ്രമിച്ചൂകൊണ്ടുമിരുന്നു. മധ്യവര്‍ഗ്ഗത്തിന്റെ മഹത്വകാംക്ഷ സഫലീകരിക്കാന്‍ ഒരു വഴി അങ്ങനെ തുറന്നുകിട്ടി. ഭാരതത്തിലെ ആധ്യാത്മികരംഗത്ത് സായിബാബയുടെ തുടര്‍ച്ച ഇങ്ങനെയാണ്. ബാബയുടെ പ്രഭാവം ഇതിലൊന്നും ഒതുങ്ങിയില്ല. ഭരണകൂടത്തിന്റെയും സംസ്കാരത്തിന്റെയും സ്വാധീനശേഷിയുടെ തണലില്‍ അതു രാജ്യത്തെ ജനങ്ങളുടെ ജീവിതത്തിലേക്ക് പടര്‍ന്നുകയറുകയായിരുന്നു.

വലിയ ജീവിതങ്ങളുടെ യജമാനന്‍
ഭാരതത്തിന്റെ മതാധിഷ്ഠിത പാരമ്പര്യത്തില്‍ ഏറിയും കുറഞ്ഞും നിലനിന്നിരുന്ന വിധിവിശ്വാസം വളരെ കണിശവും പ്രത്യക്ഷവുമായ തരത്തില്‍ കസ്റമൈസ് ചെയ്തെടുക്കുകയാണ് ബാബ ചെയ്തത്. ജനാധിപത്യവ്യവസ്ഥിതിയിലേക്ക് പിച്ച വച്ചുതുടങ്ങിയ ഒരു ജനതയ്ക്ക് അങ്ങേയറ്റത്തെ മാനസികപരാധീനതയുണ്ടാക്കി ഈ വിശ്വാസവ്യവസ്ഥ. ഇത്തരമൊരു പാരതന്ത്ര്യത്തിലേക്ക് തിരിച്ചുനടക്കാന്‍ ഇന്ത്യക്കാര്‍ക്ക് മാതൃകയായത് അവരുടെ ഭരണാധികാരികളായിരുന്നു; ഈ ഭരണാധികാരികളുടെ മാനസികയജമാനനാകട്ടെ സായിബാബയും. പാര്‍ലമെന്റ്, ബ്യൂറോക്രസി, ജുഡിഷ്യറി, ശാസ്ത്രസാങ്കേതികസ്ഥാപനങ്ങള്‍, കലാരംഗം എന്നിങ്ങനെ രാജ്യത്തിന്റെ ബൌദ്ധികമൂലധനമൊന്നാകെ പ്രശാന്തിനിലയത്തിലെത്തിയ ഒരു കാലമുണ്ടായിരുന്നു. ഒരു സമയത്ത് ഇന്ത്യയുടെ രാഷ്ട്രപതി, പ്രധാനമന്ത്രി, അനേകം മന്ത്രിമാര്‍, മുതിര്‍ന്ന ഐ എ എസുകാര്‍, സുപ്രീം കോടതി ചീഫ് ജസ്റിസ്, ഡി ആര്‍ ഡി ഓയിലെ ശാസ്ത്രജ്ഞര്‍, മുതിര്‍ന്ന കലാകാരന്മാര്‍ എന്നിവരെല്ലാമൊന്നിച്ച് സായിശിഷ്യരായിരുന്നിട്ടുണ്ട്. ഇത്തരമൊരു വ്യവസ്ഥയുടെ സ്വാധീനശേഷിയെക്കുറിച്ചോര്‍ത്ത് അമ്പരക്കുന്നതിനൊപ്പം അതില്‍ പങ്കാളികളായവരുടെ മനോതലം എങ്ങനെയായിരിന്നിരിക്കും എന്നു കൂടി ആലോചിച്ചുനോക്കുക. ഭരണചക്രം തിരിക്കേണ്ടവരൊന്നാകെ ഉത്തരവാദിത്തവും കര്‍തൃത്ത്വവും അവനവനു പുറത്തുള്ള ഒരു ശക്തിയെ ഏല്പിച്ച അവസ്ഥ. എല്ലാ ഉത്തരങ്ങള്‍ക്കും വേണ്ടി പുറത്തേക്കു നോക്കുന്ന അവസ്ഥ. മനശ്ശാസ്ത്രത്തില്‍ ലോക്കസ് ഒഫ് കണ്‍ട്രോള്‍  എന്ന ഒരു ആശയമുണ്ട്. അവനവന്റെ ജീവിതത്തെ നിര്‍ണയിക്കുന്നത് സ്വന്തം ഉള്ളിലുള്ള കാരണങ്ങളാണോ പുറത്തുള്ള കാരണങ്ങളാണോ എന്ന വിശ്വാസത്തെക്കുറിക്കുന്നതാണ് ഇത്. സ്വന്തം ജീവിതത്തെ നയിക്കുന്നത് പുറത്തുള്ള ഒരു ശക്തിയാണ് എന്ന വിശ്വാസത്തിലേക്ക് ഒരു ജനതയെയും അവരുടെ ഭരണാധികാരികളെയും നയിച്ചു എന്നതാണ് സായിബാബയുടെ പ്രവര്‍ത്തനത്തിന്റെ ഒരു ഫലം.
സ്വാതന്ത്ര്യസമരവും വിഭജനവും യുദ്ധങ്ങളും പട്ടിണിയും ഭീകരവാദവും അഴിമതിയുമെല്ലാമേല്പിച്ച മൂറിവുകളെ കൈകാര്യം ചെയ്യാന്‍ രാജ്യം പണിപ്പെടുമ്പോഴാണ് (അതില്‍നിന്നെല്ലാം അകലെ) അതിനെല്ലാം ഉത്തരവാദപ്പെട്ടവരുടെ ആചാര്യസ്ഥാനം ബാബയില്‍ വന്നുചേര്‍ന്നത്. എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങളാണെന്നും എല്ലാം ഞാന്‍ ശരിയാക്കുമെന്നും നിങ്ങള്‍ എനിക്കു പ്രിയപ്പെട്ടവരാണെന്നും അവരെ വിശ്വസിപ്പിച്ചു ബാബ. സ്വന്തം ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തീകരിക്കാതെ വരുമ്പോഴുള്ള കുറ്റബോധം തീര്‍ക്കാന്‍ ആണ്ടോടാണ്ട് അവര്‍ പുട്ടപര്‍ത്തിയിലേക്ക് രക്ഷപെട്ടു. ബാബ അവരെ സമാശ്വസിപ്പിച്ചു. നവരത്നമോതിരം കൊടുത്ത് അവരെ അന്ധാളിപ്പിച്ചു, എല്ലാം നോക്കാന്‍ ബാബയുള്ളപ്പോള്‍ ബാബയ്ക്കു പ്രിയപ്പെട്ടവനായ തങ്ങള്‍ എന്തിന് ആശങ്കപ്പെടണം എന്ന് അവര്‍ ആശ്വസിച്ചു. നേരില്‍ കാണാന്‍ പറ്റുന്നവനും നേരിട്ട് ഇടപഴകാന്‍ പറ്റുന്നവനുമാണെന്റെ ദൈവം എന്നത് ഈ ന്യായീകരണങ്ങളെ ശക്തമാക്കി. രാഷ്ട്രനിര്‍മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ ആത്മവിമര്‍ശനപരമായി വീക്ഷിക്കാനുള്ള സന്നദ്ധത ഭരണാധികാരികളില്‍ നിന്നു പൊയ്പ്പോയി എന്നതായിരുന്നു ഇതിന്റെ അനന്തരഫലം. ‘എന്റെ എല്ലാ വിധിന്യായങ്ങളും ഭഗവാന്‍ സായിബാബ പറഞ്ഞുതന്നത്താണ്’ എന്ന് ഇന്ത്യയുടെ പരമോന്നതനീതിപീഠത്തിന്റെ ചീഫ് ജസ്റ്റിസായിരുന്ന പിഎന്‍ ഭഗവതി അഭിമാനത്തോടെ പറഞ്ഞു. നിയമമല്ല, ഭഗവതി എന്ന വ്യക്തിയുടെയുള്ളിലെ പക്ഷപാതങ്ങളും മുന്‍ ധാരണകളുമാണ് വിധികളെ സ്വാധീനിച്ചിരിക്കുക എന്നു വ്യക്തം. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്നുകൊണ്ട് സ്വന്തം ജനതയോട് ചെയ്ത ക്രൂരകൃത്യം എന്നേ ഇതിനെ വിശേഷിപ്പിക്കേണ്ടൂ. 

ആത്മനിഷ്ടമായ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും വസ്തുനിഷ്ഠയാഥാര്‍ത്ഥ്യത്തിന്റെ മേലെ കുടിയിരുത്തിക്കൊണ്ടാണ് ഇന്ത്യന്‍ ജനതയുടെ മാനസികഘടനയെ ബാബ മാറ്റിത്തീര്‍ത്തത്. ഭക്തിയുടെ ആനുകൂല്യത്തിലും ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെയുമായിരുന്നു, ഈ പ്രക്രിയ.

ദൈവത്തിനു തെറ്റുമ്പോള്‍
ചരിത്രരചനയുള്ള, മാധ്യമങ്ങളുള്ള ഒരു കാലഘട്ടത്തില്‍ ജീവിച്ചുമരിച്ച ഒരു ദൈവമെന്നനിലക്ക് ബാബയുടെ ജീവിതത്തിന്റെ പല അംശങ്ങളും ജനങ്ങള്‍ക്കു മുന്നില്‍ ലഭ്യമായിരുന്നു. ദൈവമെന്ന പദവിക്കു നിരക്കുന്നതായിരുന്നില്ല പലതും. അതീവഗുരുതരമായ ബാലപീഡനക്കുറ്റമടക്കം അനേകമാരോപണങ്ങള്‍ ബാബക്കു നേര്‍ക്കുണ്ടായി. ഒന്നും വേണ്ടവിധം അന്വേഷിക്കപ്പെട്ടില്ല. യുഎസ് തങ്ങളുടെ പൌരന്മാരായ ബാബഭക്തര്‍ക്ക് മുന്നറിയിപ്പ് നല്കി. 1993-ല്‍ പ്രശാന്തിനിലയത്തില്‍ ആക്രമണമുണ്ടായപ്പോള്‍ ദൈവം നിസ്സഹായനായി, പോലിസെത്തി ബാബയുടെ സാന്നിധ്യത്തില്‍ നാലു പേരെ കൊന്നു. അതിനേക്കുറിച്ചു നടന്ന സിബിഐ അന്വേഷണം ക്വാഷ് ചെയ്യപ്പെട്ടു. “സംശയാലുക്കളേ, വന്നു കണ്ട് പരീക്ഷിച്ച് ബോധ്യം വരൂ” എന്ന് പ്രസംഗിച്ചെങ്കിലും തന്റെ അദ്ഭുതശക്തിയെക്കുറിച്ചുള്ള അവകാശവാദങ്ങള്‍ ശാസ്ത്രത്തിന്റെ രീതിയില്‍ പരീക്ഷിച്ചറിയാന്‍ ആരെയും അനുവദിച്ചില്ല. കരയുന്നത് ദൌര്‍ബല്യമാണെന്നു പറഞ്ഞ ദൈവം ഭക്തര്‍ക്കു മുന്നില്‍ അവശനിലയില്‍ പൊട്ടിക്കരഞ്ഞു. പ്രവചനങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു — അറുപതാം പിറന്നാള്‍ കഴിഞ്ഞാല്‍ പിന്നെ പ്രായമാവില്ലെന്നായിരുന്നു ഒരു പ്രവചനം. ചന്ദ്രനില്‍ ബാബയുടെ മുഖം കാണുമെന്നായിരുന്നു മറ്റൊരു പ്രവചനം. എന്നു മരിക്കുമെന്നുള്ള പ്രവചനം പോലും തെറ്റി. ആദ്യം ഇന്ത്യയെയും പിന്നെ ലോകത്തെയാകെയും സുവര്‍ണയുഗത്തിലേക്കെത്തിക്കുകയാണ് തന്റെ അവതാരോദ്ദേശം എന്നു പ്രഖ്യാപിച്ച ദൈവം വിടവാങ്ങുമ്പോള്‍ ഇന്ത്യ അഴിമതിയുടെ കൊടുമുടി കയറിയിരിക്കുന്നു. ഭരണരംഗത്തും പ്രതിപക്ഷത്തും ബാബയുടെ ഭക്തരാണെങ്കില്‍ ധാരാളവും. ഒടുവില്‍ സ്വന്തം അനുയായികള്‍ക്ക് ഭാവിയെക്കുറിച്ച് ഒരു നിര്‍ദേശം പോലും നല്കാന്‍ കഴിയാതെ അബോധാവസ്ഥയില്‍ മരണമടഞ്ഞു. തികച്ചും മനുഷ്യയോജ്യമായ സാധാരണമായ മരണം. (ജീവിതവും!). കാമ്പുള്ള ഒരു ദര്‍ശനമോ കനപ്പെട്ട ഒരു പുസ്തകമോ ബാബ അവശേഷിപ്പിച്ചിട്ടില്ല. എന്നിട്ടും ബാബ ഇപ്പോഴും ദൈവമാണ്. ദൈവത്തിന് ഒരു തെറ്റു വന്നാല്‍ തന്നെ ധാരാളം, അയാള്‍ ദൈവമല്ലെന്നു തെളിയിക്കാന്‍. പക്ഷേ ഭക്തര്‍ ധാരാളമുണ്ടെങ്കില്‍, ഒരു ശരിയെങ്കിലും ചെയ്താല്‍തന്നെ ദൈവമാകാന്‍ ധാരാളം എന്നാണ് ഭക്തരും മാധ്യമങ്ങളും പറയുന്നത്. വെന്റിലേറ്ററില്‍ കിടന്നുള്ള സാങ്കേതികമരണത്തെപ്പോലും മാധ്യമങ്ങള്‍ ‘സമാധി’ എന്നാണല്ലോ വിശേഷിപ്പിച്ചത്.

വിശ്വാസങ്ങളെ മാറ്റുക എളുപ്പമല്ല മനുഷ്യന്. സ്വന്തം വിശ്വാസങ്ങളെ ചോദ്യം ചെയ്യുക അങ്ങേയറ്റം ക്ഷമയും മാനസികസന്നദ്ധതയും ആവശ്യമുള്ള പ്രക്രിയയാണ്. മിക്കവാറുമാളുകള്‍ക്ക് അതിനു കഴിയില്ല. പകരം ന്യായീകരണങ്ങളുണ്ടാക്കി സ്വയം സംരക്ഷിക്കാനേ അവര്‍ക്കാവൂ. സാമൂഹ്യമനശ്ശാസ്ത്രജ്ഞന്‍ ലിയൊണ്‍ ഫെസ്റ്റിംഗെറുടെ ക്ളാസ്സിക് പഠനമുണ്ട്- 'വെന്‍ പ്രൊഫെസി ഫെയ്ല്‍സ്’. അമേരിക്കയിലെ ഒരു കള്‍ട്ടിന്റെ ചീഫിനു ഒരുദിനം ഒരു വെളിപാട് ലഭിക്കുന്നു. 1954 ഡിസംബര്‍ 21 നു പുലര്‍ച്ചെ ഒരു മഹാപ്രളയത്തില്‍ ഈലോകമവസാനിക്കാന്‍ പോകുന്നു. ഒരു വിദൂരഗ്രഹത്തില്‍ നിന്നു വരുന്ന ഒരു പറക്കും തളിക ഈ കള്‍ട്ടിന്റെ വിശ്വാസികളെ മാത്രം രക്ഷിക്കും. വിശ്വാസികളെല്ലാം ജോലിയൊക്കെ ഉപേക്ഷിച്ച്, ഉള്ളതെല്ലാം വിറ്റ് ദാനധര്‍മങ്ങള്‍ ചെയ്ത് പ്രാര്‍ത്ഥന തുടങ്ങി. പഠിക്കേണ്ട വിഷയമാണിതെന്ന് ഫെസ്റ്റിംഗെര്‍ക്കു തോന്നി. ജീവിതമാര്‍ഗ്ഗങ്ങളെല്ലാം  ഉപേക്ഷിച്ചവരാണല്ലോ കള്‍ട്ടിലെ അംഗങ്ങള്‍. ലോകം അവസാനിക്കാതിരിക്കുമ്പോള്‍ ഇവര്‍ എന്തുചെയ്യും? ഫെസ്ടിംഗെറും കൂട്ടരും വിശ്വാസം നടിച്ച് കള്‍ട്ടിനൊപ്പം കൂടി.
21-നു നേരംവെളുത്തിട്ടും ലോകമവസാനിച്ചില്ല. ഇത്ര നിര്‍ണായകമായ പ്രവചനം പൊളിഞ്ഞിട്ടും ആരും ആത്മഹത്യയൊന്നും ചെയ്തില്ല. ശിഷ്യര്‍ ചീഫിനെതിരെ തിരിഞ്ഞുമില്ല. ചീഫ് ആദ്യം കരഞ്ഞു. പിന്നീട് ഇങ്ങനെ പ്രഖ്യാപിച്ചു: ‘നമ്മുടെ ഈ ചെറിയ ഗ്രൂപ്പ് രാത്രി മുഴുവന്‍ ഉറങ്ങാതിരുന്നു പ്രാര്‍ത്ഥിച്ചതിനാല്‍ ലോകം രക്ഷപെട്ടിരിക്കുന്നു. നാമിനി കൂടുതല്‍ ശക്തമായി ഈ വിശ്വാസം പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു.’ അംഗങ്ങള്‍ കൂടുതല്‍ വലിയ വിശ്വാസികളായി മാറിയെന്നത് അനന്തരഫലം. വിശ്വാസങ്ങള്‍ തകരുമ്പോള്‍ സ്വയം തകര്‍ന്നടിയാതിരിക്കാന്‍ വേണ്ടി മനുഷ്യമനസ്സ് ന്യായീകരണങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കും എന്ന് ഫെസ്റ്റിംഗര്‍ ഇതടക്കമുള്ള പല പഠനങ്ങളിലൂടെ തെളിയിച്ചു.
സായിബാബയുടെ മരണപ്രവചനം തെറ്റിയപ്പോള്‍ ഫിലിപ്പ് എം പ്രസാദ് ന്യായീകരണവുമായി വന്നത് ഇതുപോലൊരു ആത്മരക്ഷാപ്രവര്‍ത്തനമാണ്. ബാബ ഉപയോഗിച്ചത് ഭാരതീയ കലണ്ടറാണെന്നും അതു പ്രകാരം ബാബക്ക് 96 വയസ്സായെന്നും ഫിലിപ്പ്  എം. പ്രസാദ് പറയുന്നു. (ബാബ ഒരിക്കലും അതുനോക്കിയല്ല പിറന്നാളാഘോഷിച്ചിരുന്നതെന്നും ആ കലണ്ടര്‍ വച്ചുള്ള കണക്കില്‍ പോലും 96 കിട്ടില്ല എന്നതും വേറെ കാര്യം.) ആര്‍ക്കറിയാം, ബാബ സമാധി നേരത്തെ പ്രവചിച്ചെന്നും ചന്ദ്രദര്‍ശനം നല്കിയെന്നും ഏതാനും വര്‍ഷങ്ങള്‍കഴിയുമ്പോള്‍ കഥകളുണ്ടായേക്കാം.

ഒരു ദൈവം ഉണ്ടാകുന്ന പ്രക്രിയയാണ് കഴിഞ്ഞ എഴുപതു വര്‍ഷങ്ങളില്‍ ഇന്ത്യക്കാരുടെ കണ്മുന്നില്‍ നടന്നത്. ദൈവങ്ങളും മതങ്ങളും ഉണ്ടാകുന്നതെങ്ങനെ എന്നതിന്റെ നേരിട്ടുള്ള കാഴ്ച. അതിന്റെ റെക്കോഡ് കണ്മുന്നിലുണ്ടായിട്ടും തെളിവുകളെയെല്ലാം അവഗണിച്ച് ഇപ്പോഴും കോടികള്‍ ഭക്തരായി തുടരുകയാണ്. (അപ്പോള്‍പിന്നെ ഇന്നു നിലവിലുള്ള മതങ്ങള്‍ ഉദ്ഭവിച്ച കാലത്ത് എന്തായിരിക്കാം നടന്നിട്ടുണ്ടാവുക!) യുക്തിസഹമായ വിശദീകരണങ്ങള്‍കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല വിശ്വാസം. ഓരോ ന്യായവും പൊളിയുമ്പോള്‍ വിശ്വാസികള്‍ പുതിയ ന്യായവുമായി വരും, എല്ലാം പൊളിയുമ്പോള്‍ വീണ്ടും ആദ്യം മുതലേ വാദംതുടങ്ങും. പിടിച്ചുനില്ക്കാന്‍ പറ്റാതാവുമ്പോള്‍ വസ്തുതകളെ വളച്ചൊടിച്ച് ആത്മരക്ഷാപ്രവര്‍ത്തനം നടത്തും. തീര്‍ത്തും മനുഷ്യസാധാരണമായ പ്രവൃത്തിയാണിത്. പക്ഷേ നാം കണ്ടതുപോലെ, വിശ്വാസം ഒരു വൈയക്തികസംഗതിയല്ല. വിശ്വാസികളല്ലാത്ത മറ്റുള്ളവരുടെ ജീവിതത്തെക്കൂടി സ്വാധീനിക്കുന്ന രാഷ്ട്രീയമാനങ്ങളുണ്ട് സംഘടിതവിശ്വാസങ്ങള്‍ക്ക്. മനുഷ്യമനസ്സിന്റെ യുക്തിപരമായ പരിമിതികളെക്കുറിച്ചൂം അവയെ മറികടക്കുന്നതില്‍ വിദ്യാഭ്യാസവ്യവസ്ഥയും സംസ്കാരവും ദയനീയമായി പരാജയപ്പെടുന്നതിനെക്കുറിച്ചും സായിബാബയെപ്പോലുള്ള പ്രതിഭാസങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒപ്പം ഈ പരാജയത്തിനു രാഷ്ട്രം കൊടുക്കേണ്ടിവരുന്ന വിലയേക്കുറിച്ചും.



Saturday, May 7, 2011

ചില 'പിയാഷേയന്‍ ' നിരീക്ഷണശകലങ്ങള്‍. !

മൂന്നു വയസ്സുള്ള ഒരു കുട്ടി ദിവസം ശരാശരി മുന്നൂറു ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നും സ്കൂളില്‍ പോയിത്തുടങ്ങി മൂന്നു വര്‍ഷം കഴിയുമ്പോഴേക്കും ചോദ്യങ്ങള്‍ ദിവസേന പത്തെന്ന കണക്കിലേക്ക് ചുരുങ്ങുന്നുവെന്നും പണ്ടാരോ എഴുതിയിട്ടുണ്ട്‌. ഡേറ്റ കളക്ഷന്‍ നടത്തി പഠിച്ചതൊന്നുമാവല്ലെങ്കിലും ആ കണക്കില്‍ കുറച്ചധികം കാര്യമുണ്ട്‌. 

കുട്ടികളുടെ സംസാരത്തെക്കുറിച്ച്‌ ഏറ്റവുമധികം പഠിച്ച ശാസ്ത്രജ്ഞന്‍ ജീന്‍ പിയാഷേ ആയിരിക്കും. മനശ്ശാസ്ത്രത്തില്‍ മാത്രമല്ല, ലോകത്തുള്ള മിക്കവാറും എല്ലാ വിഷയങ്ങളിലും അവഗാഹമുണ്ടായിരുന്ന പ്രതിഭാശലിയായിരുന്നു, പിയാഷെ. പത്തു വയസ്സായപ്പോഴേക്കും സയണ്റ്റിഫിക്‌ പേപ്പറുകള്‍ എഴുതിത്തുടങ്ങിയ കക്ഷി. അങ്ങനെയൊരാള്‍ പത്തന്‍പതു വര്‍ഷം കുട്ടികളെ നിരീക്ഷിച്ചു പഠിക്കുകയും അതൊരു പത്തറുപതു പുസ്തകങ്ങളിലായി എഴുതിവയ്ക്കുകയും ചെയ്താല്‍ എങ്ങനെയിരിക്കുമോ അതാണ്‌ പിയാഷെയുടെ സംഭാവന. കുട്ടികള്‍ ചിന്തിക്കുന്നത്‌ മുതിര്‍ന്നവര്‍ ചിന്തിക്കുന്നതുപോലെയല്ലെന്നും അതു പാടേ വ്യത്യാസമുള്ള രീതിയില്‍ ആണെന്നും പിയാഷെ പറഞ്ഞു. അതായത്‌, കുട്ടികള്‍ മുതിര്‍ന്നവരേക്കാള്‍ ഗ്രഹണശേഷി കുറഞ്ഞവരാണെന്ന ധാരണ തെറ്റാണ്‌; മറിച്ച്‌ അവര്‍ ഗ്രഹിക്കുന്നത്‌ മുതിര്‍ന്നവരെപ്പോലെയേയല്ല എന്ന്‌. ഒരു നിശ്ചിത ഓഡര്‍ അനുസരിച്ചാണ്‌ കുട്ടികളുടെ ചിന്താരീതി മാറിവരുന്നതെന്നും പിയാഷെ മനസ്സിലാക്കി. കുട്ടികളുടെയോ മുതിര്‍ന്നവരുടെയോ ചിന്തകളേപ്പറ്റി മനസ്സാസ്ത്രം പഠിച്ചുതുടങ്ങിയിട്ടില്ലാത്ത കാലത്താണ്‌ പിയാഷെയുടെ പഠനങ്ങള്‍ തുടര്‍ച്ചയായി വരുന്നത്‌. 
കോഗ്നിറ്റീവ്‌ സൈക്കോളജി, ഡെവലപ്‌മെണ്റ്റല്‍ സൈക്കോളജി തുടങ്ങിയ മനശാസ്ത്രശാഖകളൊന്നും അന്ന്‌ നിലവിലില്ല. കുട്ടികളുടെയും മുതിര്‍ന്നവരുടെയും മനസ്സിനെക്കുറിച്ച്‌ ഇന്നു നാമറിയുന്ന പല കാര്യങ്ങളും പറഞ്ഞുതന്നത്‌ പിയാഷെയാണ്‌. നമ്മള്‍ മുതിര്‍ന്നവര്‍ എപ്പേഴും കുട്ടികളുടെ തെറ്റുകള്‍ തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കുട്ടികള്‍ എങ്ങനെ ചിന്തിക്കുന്നു എന്നറിയാന്‍ നമ്മള്‍ ശ്രമിക്കാറില്ല. കുട്ടികള്‍ സമയത്തെ, വസ്തുക്കളെ, വാക്കിനെ ഒക്കെ മനസ്സിലാക്കുന്നത്‌ മുതിര്‍ന്നവര്‍ മനസ്സിലാക്കുന്നതു പോലെയേയല്ല. ഓരോ പ്രായത്തിലും ഈ മനസ്സിലാക്കലുകള്‍ മാറിവരും. അതായത്‌, ചിന്താശൈലികള്‍ക്ക്‌ പ്രായവുമായി നല്ല ബന്ധമുണ്ട്‌.വികാസത്തിനനുസരിച്ചേ ചിന്താശൈലി മാറിവരൂ. അല്ലാതെ, നാലാം വയസ്സില്‍ ഗുണനപ്പട്ടിക പഠിപ്പിക്കാന്‍ നമുക്കും അധ്യാപകര്‍ക്കും ആഗ്രഹമുണ്ടായാലും കുട്ടിയ്ക്കത്‌ മനസ്സിലായെന്നുവരില്ല. നാലാം വയസ്സിലുള്ള അപാരമായ ഓര്‍മശക്തിവച്ച്‌ കുട്ടി പട്ടിക കാണാപ്പാഠം പഠിച്ചെന്നു വരും. പക്ഷെ, ഗുണനത്തിന്റെ യുക്തി മനസ്സിലാകണമെങ്കില്‍ മിക്കവാറും കുട്ടികള്‍ക്ക്‌ ഏഴുവയസ്സെങ്കിലുമാകേണ്ടിവരും. 

പിയാഷെ നിരന്തരം നിരീക്ഷിച്ചുപഠിച്ചുകൊണ്ടിരുന്നത്‌ തന്റെ  തന്നെ മൂന്നു മക്കളെയാണ്‌. ഒരു ഡിസിന്റെറസ്റ്റഡ്‌ ഗവേഷകനായിരിക്കാന്‍ ഒരു അച്ഛന്‌ എങ്ങനെ സാധിച്ചുവോ ആവോ.. 

സ്വന്തമായൊരു മകനുണ്ടായപ്പോള്‍, അവന്റെ ദൈനംദിന പരിപാടികള്‍ ഇടയ്ക്കൊക്കെ ഒരു അക്കാഡമിക്‌ രസത്തിനുവേണ്ടി കുറിച്ചുവയ്ക്കണമെന്ന്‌ ഞങ്ങള്‍ വിചാരിച്ചിരുന്നു. മടിയുടെ കാര്യത്തിലുള്ള പരസ്പരമത്സരം മൂലം അവന്‌ ഒന്നൊന്നര വയസ്സാകുന്നതുവരെ അതു നടന്നതേയില്ല. ഇടയ്ക്ക്‌ മായ കമ്പ്യൂട്ടറില്‍ ഒരു ഡോക്യുമെന്റ തുറന്ന്‌ ചിലതൊക്കെ കുറിച്ചുവച്ചുതുടങ്ങി. ഒരു ദിനം കമ്പ്യൂട്ടര്‍ ക്രാഷായതോടെ അതെല്ലാം പൊയ്പോയി. ഓര്‍മ്മ പരിതാപകരമായതുകൊണ്ട്‌ പോയതെല്ലാം പോയി എന്നുകരുതാനേ പറ്റൂ. ഇപ്പോള്‍ അപ്പു ധാരാളം സംസാരിച്ചുതുടങ്ങിയിരിക്കുന്നു. കുറിച്ചുവയ്ക്കാന്‍ പറ്റിയ കാര്യങ്ങള്‍ ധാരാളം കിട്ടുന്നുണ്ട്‌. അതിനിടെ, പലരും തങ്ങളുടെ കുട്ടികളുടെ ഡയലോഗുകള്‍ ഗൂഗിള്‍ ബസ്സിലിടുന്നതു കാണുകകൂടി ചെയ്തപ്പോള്‍ അപ്പുവിന്റെ ചില സമകാലികപരിപാടികള്‍ ഇവിടെ ഇടാം എന്നു കരുതി. പിയാഷെയുടെ കാര്യം ഒരു ഗമയ്ക്കു പറഞ്ഞെന്നേയുള്ളൂ. വായിക്കുന്നവര്‍ പിയാഷെയാര്‌, ഇവനാര്‌ എന്നൊന്നും ചോദിച്ചുകളയല്ലേ..





സംഭാഷണങ്ങളിലെ കഥാപാത്രങ്ങള്‍ മൂന്നര വയസ്സുകാരന്‍ അപ്പുവും അച്ഛന്‍ /അമ്മയും.

******

-ഉറങ്ങാന്‍ പോവും മുമ്പെ കളിപ്പാട്ടങ്ങളൊക്കെ എടുത്തുവക്കണം. ഈ ബ്ളോക്സ്‌  എന്താ എടുത്തുവക്കാത്തത്?
-അതു ഞാന്‍ പാലു കുടിച്ചു വന്നിട്ട്‌ എടുത്തുവക്കാം.

-അതു പറ്റില്ല. ബ്ളോക്സ്‌  എടുത്തുവച്ചിട്ടു പാലു കുടിച്ചാല്‍ മതി.
-പാലു കുടിച്ചുവന്നിട്ട്‌ എടുത്തുവക്കാമെന്നേ..

-നോക്കൂ. ബ്ളോക്സ്‌ എടുത്തുവച്ചാലേ പാലു തരൂ.
 ...
-അച്ഛനെന്താ ചെയ്യുന്നത്‌?
-ഞാനും കൂടാം നിന്റെ കൂടെ. ഈ കാര്‍ ഞാന്‍ എടുത്തുവയ്ക്കാം.

-അതു ശരി. കാര്‍ വേഗം എടുത്തുവയ്ക്ക്‌. കാര്‍ എടുത്തുവച്ചാലേ അച്ഛനു നാളെ രാവിലെ കട്ടന്‍ ചായ തരൂ. 

****
-അച്ഛാ, ഞാന്‍ ഒരു വാവയായിരുന്നു. 
-അതല്ലേ ഞാന്‍ നിന്നോട്‌ പറയാറുണ്ടായിരുന്നത്‌. നീ സമ്മതിക്കാറില്ലല്ലോ. ഇപ്പോ എങ്ങനെ മനസ്സിലായി?

-കമ്പ്യൂട്ടറിലുണ്ട്‌. ഞാന്‍ കണ്ടു ഫോട്ടോ. കു..ഞ്‌..ഞ്ഞ്ഞ്ഞുവാവ.. 
-എടാ അച്ഛനും ഒരു വാവയായിരുന്നോ?

-അത്‌...(ആലോചിക്കുന്നു.).. അല്ല. 
-അതെന്താ?

-അത്‌ കമ്പ്യൂട്ടറിലില്ല. 
-എന്ത്‌?

-അച്ഛന്‍ വാവയായ ഫോട്ടോ. 

**** 
-അമ്മേ, മുത്തശ്ശന്‍ എപ്പഴാ വരിക?
-നാളെ. 

(പിറ്റേന്ന്‌. ) 
-അമ്മേ, മുത്തശ്ശന്‍ എപ്പഴാ വരിക?
-മുത്തശ്ശന്‍ ഇന്നു വരും. 
-ഇന്നാണോ നാളെ?
-നാളെയല്ലെടാ. ഇന്നാണു വരുന്നത്‌. 
-ഇന്നോ? നാളെയാണോ ഇന്ന്‌?
-എടാ, ഇന്നലത്തെ നാളെയാണ്‌ ഇന്ന്‌. (ചെക്കനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും..?)

-ഇന്നാണോ നാളെ? നാളെയാണോ ഇന്ന്‌? ഇന്നാണോ നാളെ? നാളെയാണോ ഇന്ന്‌? (സൈക്കിള്‍ ചവിട്ടി അടുത്ത റൂമിലേക്ക്‌. ) 

****** 
-രാവിലെയായോ? 
-രാവിലെയോ? ഇപ്പോള്‍ വൈകുന്നേരമല്ലേ? 
-രാവിലെയായോ?
-എടാ, ഇപ്പോള്‍ വൈകുന്നേരമാണ്‌. സന്ധ്യയായിക്കഴിഞ്ഞു. 
-(ദേഷ്യത്തോടെ) രാവിലെയായോ?
-എടാ, നോക്കൂ. രാവിലെ കഴിഞ്ഞ്‌, ഉച്ചയും കഴിഞ്ഞ്‌, ഇപ്പോള്‍ സന്ധ്യ ആയി. കണ്ടില്ലേ, പുറത്തൊക്കെ ഇരുട്ടായിത്തുടങ്ങി. 
-പക്ഷേ റൂമില്‌ രാവിലെയായല്ലോ. 
-ഓ... അതാണോ.. അതു നമ്മള്‍ വീടിനകത്ത്‌ ലൈറ്റിട്ടതല്ലേ. അതാണോ നീ രാവിലെ എന്നു പറഞ്ഞത്‌? അച്ഛനു മനസ്സിലായില്ല. 

-ഹ്‌.ം.ം.ം. 
***
-അച്ഛാ കഥ പറയണം. 
-ഇന്നെനിക്കു കഥയൊന്നും പറയാന്‍ വയ്യ. എനിക്കുറക്കം വരുന്നു. 
-കഥ വേ...ണം.ം.ം.ം... 
-ഇന്നു നമുക്കൊരു കാര്യം ചെയ്യാം. ഇന്ന്‌ നീയൊരു കഥ പറയ്‌. 
-എനിക്കറിയില്ല. 
-നിനക്കറിയാം. നീ അച്ഛനോട്‌ കഥ പറയാറുണ്ടല്ലോ. 
-ഉം ം..... എന്നാ ശരി. (ആലോചിക്കുന്നു.) ഒരൂസം ഒരു ... ആടുണ്ടായിരുന്നു. ആടിന്റെ പേര്‌....ആടിന്റെ പേര്‌.... 
-ആടിന്റെ പേര്‌??
-ആടിന്റെ പേര്‌.. പാലക്കാട്‌. 
-ആടിന്റെ പേര്‌ പാലക്കാടോ? എടാ, പാലക്കാട്‌ ഒരു സ്ഥലത്തിന്റെ പേരാ. 
-അല്ല. ആടിന്റെ പേര്‌ പാലക്കാട്‌. (ദേഷ്യം)
-എടാ,  ആടിനൊക്കെ സാധാരണ വല്ല അമ്മുവെന്നോ കിങ്ങിണിയെന്നോ ഒക്കെയാണ്‌ പേരിടുന്നത്‌. 
-അല്ല. പറ്റില്ല. ആടിന്റെ പേര്‌ പാലക്കാട്‌. (മൌനം.) ... (പെട്ടെന്ന്‍) ..അച്ഛന്‍ കഥ പറയണം. !
-ആടിന്റെ പേര്‌ പാലക്കാട്‌. നീ ബാക്കി കഥ പറ. 

******
-ഞാനൊരു കഥ പറയാം. 
-ശരി. കേള്‍ക്കട്ടെ. 
-ഒരൂസം ഒരു സീബ്ര ഉണ്ടായിരുന്നു. സീബ്ര ഒരു മുട്ടയിട്ടു. അല്ലല്ല.. സീബ്ര മൂന്നു മുട്ടയിട്ടു. 
-എവിടെ? 
-സീബ്രെടെ  കൂട്ടില്‌. 
-അതെവിടെ? 
-മരത്തിന്റെ മോളില്‌. 
-ശരി. പോട്ടെ. എന്നിട്ട്‌?
-അപ്പോഴാണ്‌ ഒരൂസം ഒരു ഡക്ക്‌ വന്ന് സീബ്രെടെ കൂട്ടില്‌ മുട്ടയിട്ടു. സീബ്ര  അറിയാതെ. 
-അമ്പടാ. ഇത്‌ ഇന്നലെ അമ്മൂമ്മ പറഞ്ഞുതന്ന കാക്കേടേം കുയിലിന്റേം കഥയല്ലേ?
-അല്ലല്ല. അതല്ല. ഇതു വേറെ കഥ. സീബ്റേടേം ഡക്കിന്റേം പിന്നെ... മാനിന്റേം കഥ. 
-ശരി ശരി. പറയ്‌. 
-ഉം.. എന്നിട്ട്‌.. ഡക്കു വന്ന് മുട്ടയിട്ടു. എന്നിട്ട്‌ മാന്‍ വന്നു മൂന്നു മുട്ടയിട്ടു. 
-എന്തിനാ ഇവരൊക്കെ മുട്ടയിടുന്നത്‌?
-അറിയില്ലേ, മുട്ടേന്നാണ്‌ കുഞ്ഞുങ്ങളുണ്ടാകുന്നത്‌. 
-എടാ, സീബ്റേം മാനുമൊന്നും മുട്ടയിടില്ല. അവരൊക്കെ മാമ്മത്സ്‌ ആണ്‌. നമ്മളെപ്പോലെ. മനുഷ്യരെപ്പോലെ. മാമ്മത്സ്‌ എന്താന്നു ഞാന്‍ പറഞ്ഞു തന്നിട്ടുണ്ടല്ലോ. മാമ്മത്സ്‌ മുട്ടയിടില്ല. മാമ്മത്സിനു കുഞ്ഞുങ്ങള്‍ ഉണ്ടാവ്വ്വാ ചെയ്യുന്നത്‌. 
-അല്ലല്ല. ഈ സീബ്ര മുട്ടയിടും. 
-അതെന്താ? 
-ഈ.. സീബ്ര  മാത്രം മുട്ടയിടും. !
-ഓ, നീ പറയുന്നത്‌ ഈ കഥയിലെ സീബ്ര മുട്ടയിടുന്ന സീബ്രയാണെന്നാണല്ലേ.. അമ്മയ്ക്ക് ആദ്യം   മനസ്സിലായില്ല. 
-ങ്‌..ഹാ... അതല്ലേ ഞാന്‍ പറഞ്ഞത്‌, ഈ കഥയിലെ സീബ്ര.. 
-ശരി. എന്നിട്ട്‌?


 ****
-നീ തനിയെ കഴിക്കൂ.
-ഞാന്‍ ചെറുതല്ലേ?
-ശരി. കുറച്ചുകൂടി വലുതാവുമ്പോള്‍ നീ തനിയെ കഴിക്കണം.
-വലുതാവട്ടെ. അപ്പോ കഴിക്കാം.
 ....
-ഇതേതാ ഈ നീല സ്ളിപ്പര്‍?
-അത്‌ എന്റെ പുതിയ സ്ളിപ്പറാണ്‌. അച്ഛന്‍ ഇന്നു വാങ്ങിക്കൊണ്ടുവന്നതാണ്‌.
-ഇതു പഴയതാവുമ്പോ ഞാന്‍ അമ്മയ്ക്കൊരു മഞ്ഞ സ്ളിപ്പര്‍ വാങ്ങിത്തരാം.
-ശരി.
-ഞാന്‍ വലുതാവുമ്പോ ഞാന്‍ ബൈക്ക്‌ ഓടിക്കും.. അച്ഛനെപ്പോലെ. അമ്മയെ ബൈക്കിന്റെ പിന്നിലിരുത്തി ഓടിക്കും ഞാന്‍ .. ര്‍ം..ം..ം..ര്‍ം.ര്‍ം.ം. ം

********
(പിയാഷെ മാത്രമല്ല, ചിലപ്പോഴൊക്കെ ഫ്രോയ്ഡും വന്നുകയറുന്നുണ്ട്‌..!)



Monday, April 25, 2011

മതിഭ്രമങ്ങളുടെ മാന്ത്രികദൈവം

'മാന്ത്രികന്‍ സത്യനാരായണരാജു അന്തരിച്ചു' എന്നോ മറ്റോ ഒരു ചെറുകിട ജാലവിദ്യക്കാരന്റെ മരണമായി ഒതുങ്ങിപ്പോകേണ്ടിയിരുന്ന ഒരു വാര്‍ത്തയാണിന്നലെ ഉണ്ടായത്‌. എന്നാല്‍, കോടിക്കണക്കിനാളുകള്‍ക്ക്‌ തങ്ങള്‍ 'അരക്ഷിതര്‍' ആണെന്നുള്ള തോന്നലുണ്ടാക്കി ഈ മരണവാര്‍ത്ത. എഴുപതു വര്‍ഷങ്ങളായി വളര്‍ന്നുവന്ന ഈ അയുക്തിക പ്രതിഭാസത്തിനും എണ്ണമറ്റ അനുഭവകഥകള്‍ക്കും മുന്നില്‍ അന്തം വിട്ടു നില്‍ക്കുന്നവരില്‍ റിട്ടയെര്‍ഡ്‌ സുപ്രീം കോടതി ജഡ്ജി മുതല്‍ ഇടതുപക്ഷ സൈദ്ധാന്തികന്‍ വരെയുണ്ട്‌. കൃഷ്ണയ്യര്‍ക്ക്‌ ഒരു മോതിരം 'സൃഷ്ടിച്ചു'കൊടുത്തപ്പോള്‍ ബാബയില്‍ വിശ്വാസമായി. രസകരമായ ഒരു വാദം കേട്ടത്‌ കെ ഇ എന്നില്‍ നിന്നാണ്‌. (പീപ്പിള്‍ ടിവി). 'ആള്‍ദൈവങ്ങള്‍ക്കെതിരെ ശക്തമായ നിലപാട്‌ എക്കലവും എടുത്തിട്ടുള്ള ആളാണു ഞാന്‍. പക്ഷേ, വരണ്ട യുക്തിവാദം വച്ചു വിമര്‍ശിക്കരുത്‌ ബാബയെ', കെ ഇ എന്‍ പറഞ്ഞു. 'സാന്ത്വനവ്യക്തിത്വങ്ങള്‍' എന്നോ മറ്റോ ഒരു പേരും കൊടുത്തു ഇക്കൂട്ടര്‍ക്കദ്ദേഹം. കെ എ എന്‍ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കില്ല, നൂറുതരം. എന്നാല്‍, സ്വന്തം കണ്‍ഫ്യുഷന്‍ അദ്ദേഹം അവതരിപ്പിച്ചത്‌ ഒരുതരം നിഗൂഢവല്‍കരണം നടത്തിയാണ്‌. ഇത്തരം പ്രതിഭാസങ്ങള്‍ മനുഷ്യമനസ്സിന്റെ 'ഇനിയും കണ്ടെത്തിയിട്ടില്ലാത്ത' എതോ സവിശേഷതയിലേക്കു വിരല്‍ ചൂണ്ടുന്നുവെന്നാണ്‌ കെ ഇ എന്നിന്റെ പക്ഷം. 
ഇങ്ങനെ കണ്‍ഫ്യൂഷന്‍ കയറേണ്ടതായി ഒന്നുമില്ല കേട്ടോ ഇതിലൊന്നും. ഒന്നും കണ്ടെത്താനുമില്ല. നിലവിലുള്ള മനശ്ശാസ്ത്രവിജ്ഞാനം കൊണ്ട്‌ വിശദീകരിക്കാവുന്നതില്‍ അപ്പുറം ഒന്നുമില്ല, സായിബാബ പ്രഭാവത്തില്‍. ചെറിയൊരന്വേഷണം നടത്തിയാല്‍ തന്നെ ഉത്തരങ്ങള്‍ കിട്ടും. ബാബയുടെ മാജിക്‌ രഹസ്യങ്ങള്‍ വീഡിയൊ രൂപത്തില്‍ ഇഷ്ടം പോലെ കിട്ടാനുണ്ട്‌. ഒരു ലിങ്ക്‌ ഇവിടെ. saibabafraud.com. ഇത്തരം പ്രതിഭാസങ്ങളുടെ അന്തകന്‍ ജയിംസ്‌ റാന്‍ഡിയെക്കൂടി നോക്കാവുന്നതാണ്‌. www.randi.org
 ഇതൊക്കെ കഴിഞ്ഞാലും പലരും ചോദിക്കുന്ന ചില ചോദ്യങ്ങള്‍- 1. എന്നാലും ഇത്രയധികം പേരെ ആകര്‍ഷിക്കണമെങ്കില്‍ എന്തെങ്കിലും ദൈവികത്വം ഇല്ലാതെ കഴിയുമോ? ഉ: ന്യായമായ സംശയം എന്നു തോന്നാം. പക്ഷേ, സത്യം ലേശം വിചിത്രമാണ്‌. ഒരാളെ വിശ്വസിപ്പിക്കുന്നതിനേക്കാള്‍ എളുപ്പമാണ്‌ ഒരു കോടി ആളുകളെ വിശ്വസിപ്പിക്കുന്നത്‌. അതു മിക്കവാറും ഒരു ഓട്ടോമാറ്റിക്‌ പ്രവര്‍ത്തനമാണ്‌. വായിക്കേണ്ട മനശ്ശാസ്ത്ര റഫറന്‍സുകള്‍- സേര്‍ച്ച്‌ ചെയ്ത് വായിക്കാം:  social influence, conformity, suggestibility etc. 2. എന്നാലും ഇത്രയും പേരുടെ വ്യക്തിപരമായ അനുഭവങ്ങളോ? അതിനൊന്നും ഒരു വിലയുമില്ലേ? ഉ: ഒരു വിലയുമില്ല സുഹൃത്തേ. നിങ്ങളുടെ വൈയക്തികലോകത്തെ മനസ്സിലാക്കാന്‍ ഉപകരിക്കും എന്നല്ലാതെ വ്യക്തിപരമായ അനുഭവങ്ങള്‍ക്ക്‌ ഒന്നും തെളിയിക്കാനുള്ള കഴിവില്ല. ഏറ്റവുമധികം വളച്ചൊടിക്കലുകള്‍ നടക്കുന്ന മേഖലയാണ്‌ സ്വാനുഭവങ്ങളും അവയുടെ വിശദീകരണങ്ങളും. മറ്റുള്ളവരെ മാത്രമല്ല, അവനവനെത്തന്നെയും വഞ്ചിക്കുന്ന വിചിത്രയന്ത്രങ്ങളാണ്‌ മനുഷ്യമസ്തിഷ്കങ്ങള്‍. വീണ്ടും മനശ്ശാസ്ത്ര റഫറന്‍സുകള്‍: cognitive errors, confirmity bias, selective memory, defense mechanisms etc.
സായിബാബയെപ്പോലുള്ള 'പ്രതിഭാസങ്ങള്‍' എന്തെങ്കിലും തെളിയിക്കുന്നുണ്ടെങ്കില്‍ അത്‌ മനുഷ്യമനസ്സിന്റെ യുക്തിപരമായ പരിമിതികളെയാണ്‌; യുക്തിബോധം മനുഷ്യന് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല എന്ന് മാത്രമാണ്. 

Friday, April 8, 2011

വോട്ട് വിചാരങ്ങള്‍

ഏഴാം തിയതി രാത്രി പീപ്പിള്‍ വാര്‍ത്ത. റൌഫിന്റെ പുതിയ പത്രസമ്മേളനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ചിട്ട്‌ ലീഗ്‌ നേതാക്കളൊന്നും വന്നില്ലെന്ന്‌ അവതാരകന്‍. പിന്നീട്‌ കുഞ്ഞാലിക്കുട്ടി ക്യാമറക്കു മുന്നില്‍. പ്രചാരണസ്ഥലത്തുനിന്നു പിടികൂടിയതാണ്‌. 'തെരഞ്ഞെടുപ്പിന്നു തൊട്ടുമുമ്പ്‌ ഓരോ വിവാദങ്ങളുണ്ടാക്കാനുള്ള നിങ്ങടെ ഓരോ സൂത്രങ്ങളല്ലേയിതൊക്കെ.അതു നമ്മക്കു മനസ്സിലായി. ഒരു പ്രതികരണത്തിനും നമ്മളെ കിട്ടില്ല. ഇനി പ്രവര്‍ത്തനം മാത്രമേയുള്ളൂ'. പണ്ട്‌ 'ഒണ്‍ളി ഐ ടി, ഒണ്‍ളി ഐ ടി' എന്നു ക്ഷോഭിച്ചുകൊണ്ട്‌ കോളര്‍ മൈക്ക്‌ വലിച്ചെടുത്തെറിഞ്ഞ കുഞ്ഞാലിക്കുട്ടിയെ പിറ്റേയാഴ്ച ലോകം മുഴുവന്‍ കാണിച്ചുകൊടുത്തു, എന്‍ ടി വിയുടെ 'അണിയറ'. ഇന്നത്തെ കുഞ്ഞാലിക്കുട്ടി എത്ര മാറിയിരിക്കുന്നു. ടെലിവിഷന്റെ യുക്തി മോശമില്ലാതെ അറിയാം. ഇത്‌ വേണ്ടത്ര അറിയാത്തത്‌ ഇപ്പോഴും ഇടതുപക്ഷത്തിനാണെന്നു തോന്നുന്നു. അതുകൊണ്ടാണല്ലോ ഓരോ ദിവസവും ഓരോ നേതാവു വീതം പി ശശി വിഷയത്തില്‍ പത്രക്കാര്‍ക്കു തല വച്ചുകൊടുക്കുന്നത്‌. പാര്‍ടി അഖിലേന്ത്യാ സെക്രടറിയും സംസ്ഥാന സെക്രടറിയും വിശദീകരിച്ച കാര്യത്തില്‍ ഓരോ ദിവസവും പത്രക്കാരുടെ ചോദ്യങ്ങള്‍ ഓരോരുത്തരോട്‌. എന്തെങ്കിലും മറുപടി ഉറപ്പ്‌. എല്ലാ ദിവസവും വാര്‍ത്തയില്‍നിറഞ്ഞ്‌ അങ്ങനെ പി ശശി സമകാലികകേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി മാറി.
ഇടതുനേതാക്കള്‍ക്ക്‌ സംഗതി പിടികിട്ടിയിട്ടില്ല.
ഇടതുമുന്നണി അധികാരത്തില്‍ വന്നില്ലെങ്കില്‍ നാടുവിടേണ്ടിവന്നേക്കും എന്നു ന്യായമായും ഭയക്കേണ്ട ചില ചാനലുകളിലെ പത്രപ്രവര്‍ത്തകര്‍ ഇടതിനോടുള്ള സ്നേഹാധിക്യത്താല്‍ വി എസ്സിന്റെ എല്ലാ പ്രസംഗവും കവര്‍ ചെയ്യുന്നു. പെണ്‍ വാണിഭഡയലോഗ്‌ മുടങ്ങാതെ കേള്‍പ്പിച്ച്‌ ജനത്തെ മടുപ്പിക്കുന്നു. ഓരോ ദിവസവും ഓരോ സി പി എം നേതാവിനെക്കണ്ടെത്തി പി ശശിയെപ്പറ്റി ചോദിക്കുന്നു. ഇത്തരം സഹായക്കാര്‍ ഇനിയെങ്കിലും ഇതു ചെയ്യാതിരിക്കുക. ചെയ്യേണ്ടത്‌ ഇതുമാത്രം- യു ഡി എഫിന്റെ ഒരുപാട്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ പ്രശസ്തിയുടെ ആവശ്യമുണ്ട്‌. അവരുടെ പിന്നാലെ നടന്ന്‌ അവരുടെ പ്രസംഗങ്ങളും ലോകത്തിലെ സകല പ്രശ്നങ്ങളെക്കുറിച്ചുമുള്ള അവരുടെ അഭിപ്രായങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും ഒരു മേമ്പൊടിയും ചേര്‍ക്കാതെ അതിവിശദമായി ചുമ്മാ റിപ്പോട്ട്‌ ചെയ്താല്‍ മാത്രം മതി. എവിടെ കെ ടി ബെന്നി, കുഞ്ഞാലിക്കുട്ടി, കെ അച്യുതന്‍ മുതല്‍പേര്‍... ടി എം ജേക്കബും പി ജെ ജോസഫുമെല്ലാം ഈ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുണ്ടെന്നു തന്നെ ജനം മറന്ന മട്ടായി. അവര്‍ക്കും കൊടുക്കൂ അല്‍പം പ്രൈംടൈം ചാനലിടം. ബാക്കി വീട്ടിലിരിക്കുന്ന വോട്ടര്‍മാര്‍ നോക്കിക്കൊള്ളും. ഒന്നുമല്ലെങ്കില്‍ കൈരളിക്കെങ്കിലും ചെയ്യാമല്ലോ ഇതൊക്കെ. ഏറ്റവും ചുങ്ങിയ പക്ഷം ആ ബെന്നിയെങ്കിലും നമ്മുടെ നാടിനേക്കുറിച്ചൊക്കെ എന്തു പറയുന്നു എന്നു ജനങ്ങളറിയണ്ടേ? അതോ നേഗറ്റീവു വോട്ടൊന്നും വേണ്ടെന്നാണോ? ഏതായാലും ടെലിവിഷന്‍ വഴി പോസിറ്റീവ്‌ വോട്ട്‌ ഉണ്ടാക്കിയെടുക്കാം എന്നു കരുതണ്ട. ഒരു മണ്ഡലത്തിലെ തെറ്റായ സ്ഥാനാര്‍ഥി അതേ മുന്നണിയുടെ മറ്റു പല മണ്ഡലങ്ങളിലെ ശരിയായ സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ കാരണമാകും. 2004-ലെ പാര്‍ലമന്റ് തെരഞ്ഞെടുപ്പില്‍ പദ്മജ വേണുഗോപാലിന്റെ ടെലിവിഷന്‍ പ്രകടനം കോണ്‍ഗ്രസ്സിന്റെ എത്ര സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാനാണ്‌ സഹായിച്ചത്‌..